ദമാം - സ്വാതന്ത്ര്യം ലഭിച്ചു ഏഴര പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും അസമത്വവും ജാതി വിവേചനവും നില നിൽക്കുന്നത് ഇന്ത്യയിൽ സാമൂഹ്യ നീതി നടപ്പാവാത്തതിനാൽ ആണെന്ന് പ്രവാസി വെൽഫെയർ
ഈസ്‌റ്റേൺ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച പഠന സംഗമം അഭിപ്രായപ്പെട്ടു.
വിഭവങ്ങളിലും അധികാരത്തിലുമുള്ള തുല്യ പങ്കാളിത്തത്തിലൂടെ മാത്രമേ വിവേചനം അവസാനിപ്പിക്കാൻ കഴിയൂ. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട ദേശീയത എന്നത് സ്വാതന്ത്ര്യ സമയത്തെ മുഴുവൻ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നതാണ്. അതിനെ സാംസ്‌കാരിക ദേശീയത എന്ന ഏക ശിലയിലേക്ക് കൊണ്ട് പോകാനാണ് സംഘ് പരിവാർ ശ്രമിക്കുന്നത്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ കാണിച്ച നിസംഗതയാണ് വംശീയ രാഷ്ട്രീയം വേര് പിടിക്കാനുള്ള കാരണം. കെട്ടുകഥകളും പക്ഷപാതിത്വവും നിറഞ്ഞ ചരിത്രമാണ് ജനങ്ങൾക്ക് മുമ്പിൽ എത്തുന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പോലും ഇത് പ്രകടമാണെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
മുഹ്‌സിൻ ആറ്റശ്ശേരി, ഫൈസൽ കുറ്റിയാടി, അബ്ദുറഹീം എന്നിവർ സംസാരിച്ചു. ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. സാബിക് കോഴിക്കോട് ചർച്ച നിയന്ത്രിച്ചു. സുനില സലീം സ്വാഗതവും, ശിഹാബ് മാങ്ങാടൻ നന്ദിയും പറഞ്ഞു.