ജിദ്ദ- ചോക്കാട് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും രോഗീ പരിചരണ പ്രവർത്തനങ്ങളിൽ അവരുടെ പിന്തുണ ഉറപ്പു വരുത്തുന്നതിനും വേണ്ടി വിവിധ രാജ്യങ്ങളിൽ പ്രവാസി കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ജിദ്ദയിൽ ചോക്കാട് പഞ്ചായത്തിലെ പ്രാദേശിക പ്രവാസി കൂട്ടായ്മകളുടെ സംയുക്ത യോഗം ചേർന്നു.
ചോക്കാട് പാലിയേറ്റീവ് പ്രവർത്തക സമിതി അംഗം നാസർ കല്ലാമൂലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അലി മാളിയേക്കൽ ഉദ്‌ഘാടനം ചെയ്തു. ചോക്കാട് പാലിയേറ്റീവ് ട്രഷറർ എ എം ബാബു ഉദരംപൊയിൽ മുഖ്യ പ്രഭാഷണം നടത്തി.
ചോക്കാട് പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മകളായ ചോക്കാട് വോയ്‌സ്, മാളിയേക്കൽ വെൽഫെയർ & സോഷ്യോ കൾച്ചറൽ അസോസിയേഷൻ (മവാസ), ഉദരംപൊയിൽ പ്രവാസി അസോസിയേഷൻ, പുല്ലങ്കോട് ഏരിയ പ്രവാസി അസോസിയേഷൻ, നമ്മൾ കല്ലാമൂലക്കാർ, മാടമ്പം ഏരിയ പ്രവാസി സംഘം, മമ്പാട്ടുമൂല പ്രവാസി ചാരിറ്റി, സ്രാമ്പിക്കല്ല് എക്സ്പാട്രിയേറ്റ്സ് വെൽഫെയർ അസോസിയേഷൻ, കാളികാവ് ഏരിയ പ്രവാസി അസോസിയേഷൻ, മഞ്ഞപ്പെട്ടി ഏരിയ പ്രവാസി സംഘം തുടങ്ങിയ പ്രവാസി കൂട്ടായ്മ പ്രതിനിധികൾ പങ്കെടുത്തു. കെ എം സലാഹുദ്ദീൻ ചോക്കാട് സ്വാഗതവും പി സിദ്ദീഖ് പുല്ലങ്കോട് നന്ദിയും പറഞ്ഞു.
ചോക്കാട് പാലിയേറ്റീവ് ക്ലിനിക്കിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പ്രവാസി കൂട്ടായ്മ പ്രതിനിധികൾ അറിയിച്ചു. ചോക്കാട് പാലിയേറ്റീവ് ക്ലിനിക്കിന്റെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനു വേണ്ടി ഒരു ലാപ്ടോപ്പ് സംഭാവന ചെയ്യുമെന്ന് മാളിയേക്കൽ പ്രവാസി കൂട്ടായ്മയായ 'മവാസ' യുടെ ഭാരവാഹികൾ യോഗത്തെ അറിയിച്ചു.
ചോക്കാട് പാലിയേറ്റീവ് കെയർ ജിദ്ദ ചാപ്റ്റർ ഭാരവാഹികളായി പി നാസർ മാളിയേക്കൽ (ചെയർമാൻ), ഷിബു നവാസ് വി ഉദരംപൊയിൽ, ജിർഷാദ് എ കെ മാടമ്പം, സഫീർ ടി സ്രാമ്പിക്കല്ല് (വൈസ് ചെയർമാൻമാർ), പി സിദ്ദീഖ് പുല്ലങ്കോട് (കൺവീനർ), അസറുദ്ദീൻ പി മാളിയേക്കൽ, കെ എം സലാഹുദ്ദീൻ ചോക്കാട്, ഇ അൻവർ ബാബു മമ്പാട്ടുമൂല (ജോയിന്റ് കൺവീനർമാർ) പി മുജീബ് ചോക്കാട് (ട്രഷറർ), പി എം അലി മാളിയേക്കൽ, നാസർ കെ കല്ലാമൂല, റിയാസ് പി ടി കൂരിപ്പൊയിൽ, മനാഫ് സി ഉദരംപൊയിൽ, ശിഹാബ് കെ പാറമ്മൽ, ഉമ്മർകോയ എം മഞ്ഞപ്പെട്ടി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.