ജിദ്ദ - മൂല്യ ബോധമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാനുള്ളത് മാതാപിതാക്കൾക്കാണെന്ന് ഫാമിലി കൗൺസിലറും ആശ്വാസ് കൗൺസിലിംഗ് സെന്റർ ഡയറക്ടറുമായ നസിറുദ്ദീൻ ആലുങ്ങൽ പറഞ്ഞു. ഷറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച പാരന്റിംഗ് പ്രോഗ്രാമിൽ രക്ഷിതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിലുള്ള സ്വഭാവ വ്യതിയാനങ്ങളെ മനസ്സിലാക്കി യഥാസമയങ്ങളിൽ നേർവഴിക്ക് തിരിച്ച് വിടുകയും ചെയ്യേണ്ടതുണ്ട്. രക്ഷിതാക്കൾ മാതൃകാ വ്യക്തിത്വങ്ങൾ ആയെങ്കിൽ മാത്രമേ കുട്ടികളിൽ ഉന്നത സ്വഭാവ മൂല്യങ്ങൾ നട്ടു വളർത്താൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളെ അനുഭവിച്ച് മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയും വീട്ടകങ്ങളിൽ മൂല്യവത്തായ ചർച്ചകൾ ഉണ്ടാവുകയും ചെയ്യുമ്പോഴാണ് കുട്ടികളിൽ ബൗദ്ധിക വളർച്ച കൈവരിക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ അനീസ് കെ.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം ഷാനവാസ് മുഖ്യാതിഥിയെ മൊമെന്റോ നൽകി ആദരിച്ചു. അബ്ദുൽ സലാം പി, നൗഷാദ് നിടൂളി എന്നിവർ യോഗം നിയ്രന്തിച്ചു. നാജിദ് സക്കരിയ്യ ഖിറാഅത്തും മുഹ്‌സിന നജ്മുദ്ദീൻ നന്ദിയും പറഞ്ഞു.