മുംബൈ- മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും കത്തെഴുതി മുംബൈ പ്രസ് ക്ലബ്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു പത്രസ്ഥാപനത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ മേധാവികള്‍ക്കായി തയാറാക്കിയ കത്തിലാണ് പ്രസ്‌ക്ലബ് ആശങ്ക പ്രകടിപ്പിച്ചത്.
ന്യൂസ് റൂമുകള്‍ സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായിരിക്കേണ്ട ആവശ്യകത വലുതാണെന്ന് കത്തില്‍ പറയുന്നു. തൊഴിലിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന കടുത്ത സമ്മര്‍ദ്ദങ്ങളെക്കുറിച്ചും പ്രസ്‌ക്ലബ് ചൂണ്ടിക്കാട്ടി.
സ്ഥാപനങ്ങളിലെ ബ്രേക്കിംഗ് ന്യൂസുകളും പ്രധാനപ്പെട്ട വാര്‍ത്തകളും തയാറാക്കുന്നതിനും അടിയന്തരമായി ഫോട്ടോകള്‍ എത്തിക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മേല്‍ചുമത്തുന്ന സമ്മര്‍ദ്ദങ്ങളും മാധ്യമപ്രവര്‍ത്തകരെ മാനസികമായി തകര്‍ക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്തകര്‍ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും വളരെ വേഗത്തില്‍ കൃത്യതയോടെ എത്തിക്കേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അതിനായി ഇവരെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കുകയും അനാവശ്യ സമ്മര്‍ദ്ദം കുത്തിനിറക്കുകയും ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഇത്തരത്തിലുളള അവസ്ഥ മാനസികാവസ്ഥയെ മാത്രമല്ല വാര്‍ത്തയുടെ സത്യസന്ധതയെ കൂടി ബാധിക്കുമെന്നും കത്തില്‍ പറയുന്നു.