കുഞ്ഞിന് ചികിത്സാസഹായം ചോദിച്ച വനിതയെ സുരേഷ് ഗോപി അപമാനിച്ചുവെന്ന് പരാതി

തൃശൂര്‍- അപൂര്‍വരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമാനിച്ചതായി ആരോപണം. കോയമ്പത്തൂരില്‍ താമസിക്കുന്ന സിന്ധുവാണ് സുരേഷ് ഗോപിയോട് മകന്‍ അശ്വിന് ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ കളിയാക്കുന്ന തരത്തില്‍ ഗോവിന്ദന്‍ മാസ്റ്ററെ പോയി കാണാനായിരുന്നു സുരേഷ് ഗോപി നല്‍കിയ മറുപടിയെന്നാണ് ആരോപണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു സംഭവം.

ഗോവിന്ദന്‍ മാസ്റ്ററെ പോയി കാണാന്‍ പറഞ്ഞപ്പോള്‍ ഒന്നു മനസിലാവാതെ വന്ന സിന്ധു ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് കാര്യം പറഞ്ഞു. പിന്നീട് ക്ഷേത്ര നടയിലുണ്ടായിരുന്നവരാണ് കാര്യം അവരെ പറഞ്ഞ് മനസിലാക്കിയത്. ഇതോടെ ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് കൈക്കൂഞ്ഞുമായി സിന്ധു കരയുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ സുരേഷ് ഗോപിയെയും സംഘത്തേയും കണ്ടപ്പോഴാണ് സഹായം ചോദിച്ചത്. മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ രോഗത്തിന് ചികിത്സയിലാണ് അശ്വിന്‍. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവ് വരും.

 

Latest News