Sorry, you need to enable JavaScript to visit this website.

അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി സ്ഥലം  വിട്ട് മകള്‍; പൂട്ട് തകര്‍ത്ത് അകത്ത് കയറി 78-കാരി

കൊച്ചി- തൈക്കുടത്ത് അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി മകള്‍ സ്ഥലംവിട്ടു. സരോജിനി എന്ന 78-കാരിയാണ് വീടിന് പുറത്തായത്. സരോജിനിയെ വീട്ടില്‍ കയറ്റണമെന്ന് നേരത്തേ ആര്‍.ഡി.ഒ. ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഇടപെട്ടില്ല എന്നും ആക്ഷേപമുണ്ട്.
ഇളയ മകളുടെ വീട്ടിലേക്ക് പോകാന്‍ പറഞ്ഞാണ് മകള്‍ വീട് പൂട്ടിപ്പോയതെന്ന് സരോജിനി പറഞ്ഞു. എന്നാല്‍ തിരികെ വന്നപ്പോള്‍ വീട് പൂട്ടിയിട്ടതാണ് കണ്ടത്. താന്‍ സ്ഥിരമായി താമസിച്ചിരുന്ന വീടാണ് ഇതെന്നും തനിക്ക് ഇതിനകത്ത് കിടന്ന് തന്നെ മരിക്കണമെന്നും സരോജിനി പറഞ്ഞു. മണിക്കൂറുകളായി വീടിന് പുറത്ത് പായ വിരിച്ച് കിടക്കുകയായിരുന്നു സരോജിനി. എട്ട് ദിവസമായി അയല്‍വാസിയുടെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.
വിവരമറിഞ്ഞ് എം.എല്‍.എ. ഉമാ തോമസ് ഉള്‍പ്പെടെ നിരവധി പേര്‍ സ്ഥലത്തെത്തി. ആര്‍.ഡി.ഒയുടെ ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സംശയമെന്ന് എം.എല്‍.എ. പറഞ്ഞു. വയോധികയെ പ്രൊട്ടക്ഷന്‍ റൂമിലേക്ക് കൊണ്ടുപോകാമെന്ന് പോലീസ് പറഞ്ഞെങ്കിലും തന്റെ വീട്ടില്‍ നിന്ന് എങ്ങോട്ടും പോകില്ലെന്നും ഈ വീട് തുറന്ന് തന്നാല്‍ മതിയെന്നും സരോജിനി നിലപാടെടുത്തു.
പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെ വീടിന്റെ വാതില്‍ കമ്പിപ്പാരകൊണ്ട് സ്വയം തകര്‍ത്ത് സരോജിനി വീടിനകത്ത് കയറി. ഈ സമയം സരോജിനിയുടെ ഇളയ മകളും സ്ഥലത്തെത്തിയിരുന്നു. തനിക്കൊപ്പം വരാന്‍ അമ്മയോട് ഇളയമകള്‍ ആവശ്യപ്പെട്ടെങ്കിലും താനിനി ഈ വീട്ടില്‍ നിന്ന് എങ്ങോട്ടും പോകില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സരോജിനിയമ്മ പറഞ്ഞു.
 

Latest News