തീവ്രവാദ ബന്ധം, കേരള സര്‍വകലാശാലയുടെ   കലോത്സവത്തിന് ഇന്‍തിഫാദ എന്നു പേരിട്ടതിനെതിരെ ഹര്‍ജി

തിരുവനന്തപുരം- കേരള സര്‍വകലാശാല കലോത്സവ പേരായ 'ഇന്‍തിഫാദ'യെ ചൊല്ലി വിവാദം. 'ഇന്‍തിഫാദ' എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തീവ്രവാദവുമായി ബന്ധമുള്ള പേരെന്ന പരാതിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും സര്‍വ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് യൂണിയന്റെ നിലപാട്.
7 മുതല്‍ 11 വരെ നടക്കുന്ന കേരള സര്‍വ്വകലാശാല കലോത്സവത്തിനാണ് 'ഇന്‍തിഫാദ' എന്ന പേരിട്ടത്. പേരിട്ടതിനെ ചോദ്യം ചെയ്ത് നിലമേല്‍ എന്‍.എസ്.എസ് കോളേജ് വിദ്യാര്‍ത്ഥി ആശിഷ് എ എസ് ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട സിംഗിള്‍ ബെഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കേരള സര്‍വകലാശാല എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. വൈസ് ചാന്‍സലര്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. അറബി പദമായ 'ഇന്‍തിഫാദ'ക്ക് തീവ്രവാദവുമായും പലസ്തീന്‍-ഇസ്രായില്‍ യുദ്ധവുമായും ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. കലോത്സവത്തിന് ഈ പേര് നല്‍കരുതെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, 'ഇന്‍തിഫാദ' എന്ന പേരില്‍ തന്നെയാണ് എസ്എഫ്ഐ നേതൃത്വം നല്‍കുന്ന സര്‍വ്വകലാശാല യൂണിയന്‍ മുന്നോട്ട് പോകുന്നത്. ഫ്ലെക്സും പ്രചാരണ ബോര്‍ഡുകളുമൊന്നും മാറ്റിയിട്ടില്ല. സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. 'ഇന്‍തിഫാദ' എന്ന പദത്തെ കുറിച്ച് പരിശോധിക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചിട്ടുണ്ട്. വിവാദം പുകയുമ്പോഴും പരാതിയെ കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് യൂണിയന്‍ ഭാരവാഹികള്‍ തയ്യാറല്ല. പലസ്തീന്‍ ജനതയുടെ പ്രതിരോധം എന്ന നിലക്കാണ് പേരിട്ടതെന്നാണ് വിശദീകരണം.

Latest News