കൊച്ചിയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ  പ്രവര്‍ത്തനം; മൂന്ന് സ്ത്രീകളടക്കം 13 പേര്‍ പിടിയില്‍

കൊച്ചി-കൊച്ചിയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ ഇതുവരെ 13 പേരെ പോലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതല്‍ പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്.
പിടിയിലായവരെ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലിസി ആശുപത്രിക്ക് സമീപം കെട്ടിടം വാടകക്കെടുത്ത് ഹോം സ്റ്റേ എന്ന പേരില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നു. കുപ്രസിദ്ധനായ ഗുണ്ടയുടെ നേതൃത്വത്തിലാണ് അനാശാസ്യം. ഇയാളുടെ കൂട്ടാളിയുടെ സഹായത്തോടെയായിരുന്നു പ്രവര്‍ത്തനം. ഇയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് പറഞ്ഞു.
അനാശാസ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒന്‍പതു മാസമായതായി പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍നിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചതെന്നും സൂചനയുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നടക്കം കൂടുതല്‍ സ്ത്രീകളെ എത്തിച്ചതായി സംശയിക്കുന്നു.

Latest News