ഇടുക്കി- കര്‍ഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ തമിഴ്‌നാട്ടിലെ രണ്ട് വനം വകുപ്പ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ ഫോറസ്റ്റര്‍ തിരുമുരുകന്‍ (32), ഫോറസ്റ്റ് വാച്ചര്‍ കുമളി സ്വദേശി ജോര്‍ജ് കുട്ടി (ബെന്നി- 55) എന്നിവരാണ് അറസ്റ്റിലായത്.
ഗൂഡല്ലൂര്‍ സ്വദേശി ഈശ്വരന്‍ (55) ഗൂഡല്ലൂരിന് സമീപം വണ്ണാത്തിപ്പാറ വനമേഖലയില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മധുര ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 28ന് രാത്രിയാണ് വനപാലകരുടെ സര്‍വീസ് റിവോള്‍വറില്‍ നിന്ന് വെടിയേറ്റ് ഈശ്വരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. വനത്തില്‍ പരിശോധനക്കിടെ ഈശ്വരന്‍ ഉദ്യോഗസ്ഥരെ കത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോറസ്റ്റര്‍ തിരുമുരുകന്‍ ഈശ്വരന്റെ നെഞ്ചിലേക്കാണ് വെടിയുതിര്‍ത്തത്. ജീവന്‍ നഷ്ടപ്പെടാതെ അരക്ക് കീഴില്‍ വെടിവെക്കാനാകുമെന്നിരിക്കെ ജീവന്‍ നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തിയില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സംശയമുണ്ടായിരുന്നു. ഈശ്വരനോട് ഉദ്യോഗസ്ഥര്‍ക്ക് മുന്‍ വൈരാഗ്യമുണ്ടായിരുന്നതായി ആരോപിച്ച ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
വനമേഖലയോട് ചേര്‍ന്ന് ഈശ്വരന് കൃഷി ഭൂമിയുണ്ട്. അറസ്റ്റിലായ ജോര്‍ജുകുട്ടി വര്‍ഷങ്ങളായി തമിഴ്‌നാട് വനം വകുപ്പിലുണ്ട്.