വാഹനാപകടത്തില്‍ മകനു പിന്നാലെ മാതാവും മരിച്ചു 

കരുവാരകുണ്ട്- വാഹനാപകടത്തില്‍ മകനു പിന്നാലെ മാതാവും മരിച്ചു. ഇരുവര്‍ക്കും നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. 

കരുവാരക്കുണ്ട് ചുള്ളിയോട് സ്വദേശികളായ പൊട്ടന്‍തൊടിക ഫാത്തിമ (52), മകന്‍ 
സനൂഫ് (32) എന്നിവര്‍ക്കാണ് വന്‍ ജനാവലി യാത്രാമൊഴിയേകിയത്. വ്യാഴാഴ്ച രാത്രി കരുവാരകുണ്ട് ഇരിങ്ങാട്ടിരി നിലംപതിയില്‍ ഇരുവരും സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തിലാണ് ഫാത്തിമയും സനൂഫും മരിച്ചത്. 
ഇരിങ്ങാട്ടിരിയിലുള്ള ബന്ധുവീട്ടിലേക്ക് മരണാനന്തര ചടങ്ങിനായി പുറപ്പെട്ടതായിരുന്നു ഫാത്തിമയും മകന്‍ സനൂഫും. 

ഗുരുതര പരിക്കേറ്റ ഇരുവരേയും പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ സനൂഫും വെള്ളിയാഴ്ച രാവിലെ ഫാത്തിമയും മരണപ്പെട്ടു. ഒരേ വീട്ടിലെ രണ്ടു പേരുടെ മരണം ചുള്ളിയോടിനെ കണ്ണീര്‍ കടലിലാക്കി. 

പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം വൈകിട്ട് 4.15നാണ് മൃതദേഹങ്ങള്‍ ചുള്ളിയോട്ടിലെ വീട്ടിലെത്തിച്ചത്. പ്രവാസിയായ സനൂഫ് കുഞ്ഞിനെ കാണുന്നതിനായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വൈകിട്ട് ആറോടെ പണത്തുമ്മല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

Latest News