രണ്ടു കോടിയുടെ ജലവിതരണ പൈപ്പ് കത്തി നശിച്ചു

ഇടുക്കി- ജല്‍ ജീവന്‍ മിഷന്‍ ശുദ്ധജല വിതരണ പദ്ധതിക്കായി പൂപ്പാറ വില്ലേജ് ഓഫിസിന് സമീപം  സൂക്ഷിച്ചിരുന്ന പൈപ്പ് കത്തി നശിച്ചു. രണ്ടു കോടിയിലധികം രൂപയുടെ പൈപ്പ് കത്തി നശിച്ചതായാണ് ജല വിഭവ വകുപ്പിന്റെ പ്രാഥമിക നിഗമനം. 

130 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കാനുള്ള പൈപ്പുകള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. വെളളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് എച്ച്ഡിപി പൈപ്പുകളില്‍ തീ പടര്‍ന്നത്. നെടുങ്കണ്ടം, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകള്‍ എത്തി തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഭൂരിഭാഗം പൈപ്പുകളും കത്തി നശിച്ചു. 

മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ലക്ഷങ്ങള്‍ വിലവരുന്ന പൈപ്പ് ഇവിടെ നിന്നും മാറ്റിയതായി ജലസേചന വകുപ്പ് കട്ടപ്പന ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എങ്ങനെയാണ് തീ പടര്‍ന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ശാന്തന്‍പാറ ഗവണ്‍മെന്റ് കോളജ് നിര്‍മിക്കുന്നതിനായി റവന്യു വകുപ്പ് വിട്ട് നല്‍കിയ ഭൂമിയിലാണ് പൈപ്പുകള്‍ സൂക്ഷിച്ചിരുന്നത്.

Latest News