കൊല്‍ക്കത്ത- ലിവ്-ഇന്‍ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു. കൊല്‍ക്കത്തയിലാണ് സംഭവം. പ്രതിയായ ശന്‍ഹതി പോള്‍ പങ്കാളിയായ സാര്‍ധക് ദാസിനെയാണ് കൊലപ്പെടുത്തിയത്. കൊലപാതക വിവരം യുവതി തന്നെയാണ് പോലീസിനെ അറിയിച്ചത്.
ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന അപാര്‍ട്ട്മെന്റിലെത്തിയ പോലീസ് സംഘം കണ്ടത് തളംകെട്ടിയ രക്തത്തില്‍ കിടക്കുന്ന യുവാവിന്റെ മൃതദേഹമായിരുന്നു. സമീപം പ്രതിയായ യുവതിയും ഉണ്ടായിരുന്നു.
സാര്‍ധകിന്റെ ശരീരത്തില്‍ നിരവധി മുറിപ്പാടുകളുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് യുവാവിനെ പലതവണ കുത്തിയെന്നും ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. കൊലയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. യുവതിക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
ഫോട്ടോഗ്രാഫറായ സാര്‍ധകും പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശന്‍ഹതിയും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. വിവാഹമോചിതയായ യുവതിയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മകനുമുണ്ട്. മൂന്നുപേരും ഒരുമിച്ചായിരുന്നു താമസം.
കൊലപാതകത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് യുവതിയ്ക്കും മകനും ഒപ്പമുള്ള ചിത്രം 'ഫാമിലി' എന്ന അടിക്കുറിപ്പോടെ സാര്‍ധക് സമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.