ഹൈദരാബാദ്-ഫിംഗര്‍പ്രിന്റ് ക്ലോണിംഗ് നടത്തി തൊഴിലാളികളുടെ പേരില്‍ വേതനം കൊള്ളയടിച്ച രണ്ട് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (ജിഎച്ച്എംസി) ഉദ്യോഗസ്ഥരെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 35 സിന്തറ്റിക് വിരലടയാളങ്ങളും രണ്ട് ഹാജര്‍ ബയോമെട്രിക് ഉപകരണങ്ങളും പിടിച്ചെടുത്തു. രണ്ട് വര്‍ഷത്തിനിടെ ഇരുവരും 80 ലക്ഷം രൂപ വകമാറ്റി തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
യൂട്യൂബില്‍ നിന്ന് തമ്പ് ഇംപ്രഷനുകള്‍ ക്ലോണ്‍ ചെയ്യാന്‍ പഠിച്ച ശേഷമാണ് ജിഎച്ച്എംസി സൂപ്പര്‍വൈസര്‍മാരായ ഇവര്‍ ജോലിക്ക് പോലും ഹാജരാകാത്ത ശുചീകരണ തൊഴിലാളികളുടെ പെരുവിരലടയാളം ഉണ്ടാക്കി വേതനം ക്ലെയിം ചെയ്യാന്‍ അവരെ ഹാജര്‍ രേഖപ്പെടുത്തി.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാരായ പി ശിവയ്യ ഉമേഷ്, ജെ ശിവറാം എന്നിവര്‍ മെഴുകുതിരി മെഴുക് പാളിയില്‍ പെരുവിരലില്‍ അമര്‍ത്തി എംസീല്‍, ഫെവിക്കോള്‍, ഡെന്‍െ്രെഡറ്റ് പശ എന്നിവ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് വിരലടയാളം സൃഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതികള്‍ തട്ടിപ്പ് നടത്തി വരികയാണെന്നും ദിവസവും 20 തൊഴിലാളികളെങ്കിലും ഓരോ ഷിഫ്റ്റിലും ഹാജരാകാത്തതിനാല്‍ ഇവരുടെ പേരിലുള്ള വേതനാണ് തട്ടിയെടുത്തിരുന്നതെന്നും പോലീസ് പറഞ്ഞു.