Sorry, you need to enable JavaScript to visit this website.

പി. ജയരാജന് യഥാർഥത്തിൽ നീതി നിഷേധിച്ചത് സി.പി.എം നേതൃത്വം -അഡ്വ. മാർട്ടിൻ ജോർജ് 

കണ്ണൂർ - തനിക്കെതിരായ വധശ്രമകേസിലെ പ്രതികളെ ഹൈക്കോടതി വിട്ടയച്ചതിൽ നീതിനിഷേധം പറയുന്ന സി.പിഎം നേതാവ് പി. ജയരാജന് യഥാർത്ഥത്തിൽ നീതി നിഷേധിച്ചത് സി.പി.എം നേതൃത്വമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു.
1999 ൽ പി. ജയരാജനെ ഒരു തിരുവോണ ദിവസം വധിക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചനയ്ക്കു നേതൃത്വം നൽകിയെന്ന് സി.പി.എം നേതാക്കളും പ്രവർത്തകരും പറയുന്ന ഒ.കെ. വാസുവിനേയും അശോകനേയും പിന്നീട് സിപിഎമ്മിൽ സ്വീകരിച്ച് കൊണ്ടു നടക്കുന്ന സ്വന്തം പാർട്ടി നേതൃത്വത്തോടാണ് പി. ജയരാജൻ നീതിനിഷേധത്തെ കുറിച്ച് പറയേണ്ടത്.  പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾ തീർത്തും ദുർബലമായിരുന്നുവെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സിപിഎം ഭരണത്തിലുള്ളപ്പോൾ ജയരാജനെതിരായ കേസിലെ നടപടിക്രമങ്ങൾ ദുർബലമായതിനു പിന്നിൽ സിപിഎം നേതൃത്വവും, ആർഎസ് എസും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആർക്കാണറിയാത്തത്. കെ.ടി ജയകൃഷ്ണൻ മാസ്റ്ററെ കൊലപ്പെടുത്തിയ കേസിൽ അപ്പീലിനു പോകാതിരുന്ന ബി.ജെ.പി നടപടിയും ഇതേ ഒത്തുകളിയുടെ ഭാഗമായിരുന്നു.
1999 ഓഗസ്റ്റ് 25 തിരുവോണ ദിവസമായിരുന്നു പി ജയരാജൻ ആക്രമിക്കപ്പെടുന്നത്. അന്ന് ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ഒ.കെ. വാസു മാസ്റ്റർ. പി ജയരാജനെ ആക്രമിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രം ഒ.കെ. വാസുവായിരുന്നുവെന്ന് സി.പി.എം നേതാക്കൾ തന്നെയാണ് അന്ന് ആരോപണമുന്നയിച്ചത്. ചൊക്ലിയിലെ മാമൻ വാസു ഉൾപ്പെടെ നിരവധി സി.പി.എം പ്രവർത്തകർ കൊല്ലപ്പെടുമ്പോഴും ബി.ജെ.പി നേതൃനിരയിലുണ്ടായിരുന്ന ആളാണ് വാസുമാസ്റ്റർ.
അന്നത്തെ സി.പി.എം-ബി.ജെ.പി അക്രമ പരമ്പരകളിൽ ഒരുപാട് കുടുംബങ്ങൾ അനാഥമാക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ഒ.കെ. വാസു മാസ്റ്ററെയും. എ അശോകനും പോലെയുള്ള ആളുകളെ സിപിഎമ്മിൽ എടുത്തപ്പോൾ പാർട്ടിക്കകത്തും സിപിഎം രക്തസാക്ഷി കുടുംബങ്ങളിൽ തന്നെയും ശക്തമായ എതിർപ്പുണ്ടായിരുന്നു.

കണ്ണൂർ ജില്ലയിലെ ഒരുപാട് സിപിഎം കുടുംബങ്ങളെ അനാഥമാക്കിയ കാലത്ത് ബിജെപിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്ത ഒ.കെ. വാസു മാസ്റ്ററെയും, പി അശോകനെയും 2014 ജനുവരി 28ന് പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പിണറായി വിജയൻ നേരിട്ട് എത്തിയാണ് ചുവപ്പു മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചത്. അതിനുശേഷം സിപിഎമ്മിന്റെ രക്തസാക്ഷി കുടുംബങ്ങളിൽ രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുക്കാൻ വാസു മാസ്റ്ററും കെ അശോകനും പോയപ്പോൾ  രക്തസാക്ഷി കുടുംബങ്ങൾ എതിർപ്പ് അറിയിച്ചിരുന്നു. സിപിഎമ്മിൽ പോയിട്ടും പൊയിലൂരിലെ കേളോത്ത് പവിത്രന്റെ രക്തസാക്ഷി കുടീരത്തിൽ വാസു മാസ്റ്റർക്ക് പോകാൻ സാധിക്കാറില്ല. 
പാർട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരേ പരസ്യമായി പ്രതികരിക്കാൻ ഭയക്കുന്ന പി.ജയരാജൻ തനിക്കു നീതി നിഷേധിക്കപ്പെട്ടുവെന്നു പറയുമ്പോൾ അത് ഒരു പാട് സിപിഎം രക്തസാക്ഷി കുടുംബങ്ങളുടെ കൂടി വികാര പ്രകടനമാണ്. 

ഒ.കെ.വാസുവിനെ പോലുള്ളവരെ കൂടെ നിർത്തുന്ന സിപിഎം നേതൃത്വത്തോട് ഈ നീതിനിഷേധത്തെ കുറിച്ച് പറയാൻ ജയരാജന് ആർജ്ജവമുണ്ടോ..? പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ ആർ.എസ്.എസ്.എസ്ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതേ വിട്ടതിനു പിന്നിൽ നടന്ന സി.പി.എംബി.ജെ.പി ഒത്തുകളിയെ കുറിച്ചാണ് ജയരാജൻ പ്രതികരിക്കേണ്ടത് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു.
 

Latest News