റിയാദില്‍ സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം

റിയാദ് - നൈജീരിയന്‍ സയാമിസ് ഇരട്ടകളായ ഹസ്നയെയും ഹസീനെയെയും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ അതിസങ്കീര്‍ണമായ ഓപ്പറേഷനിലൂടെ വിജയകരമായി വേര്‍പ്പെടുത്തി. റിയാദില്‍ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ച് ഒമ്പതു ഘട്ടങ്ങളായി പതിനാറര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ വേര്‍പ്പെടുത്തിയത്. അനസ്തേഷ്യോളജി, പീഡിയാട്രിക് സര്‍ജറി, യൂറോളജി, ഓര്‍ത്തോപീഡിക്സ്, പ്ലാസ്റ്റിക് സര്‍ജറി, പീഡിയാട്രിക് ന്യൂറോസര്‍ജറി വിഭാഗങ്ങളില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും ടെക്നീഷ്യന്മാരും അടക്കം 39 അംഗ മെഡിക്കല്‍ സംഘം ഓപ്പറേഷനില്‍ പങ്കാളിത്തം വഹിച്ചു.
സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള സൗദി പ്രോഗ്രാമിന്റെ ഭാഗമായി സൗദിയില്‍ സയാമിസ് ഇരട്ടകള്‍ക്ക് നടത്തുന്ന 60-ാമത്തെ ഓപ്പറേഷനാണിതെന്ന് ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. 34 വര്‍ഷത്തിനിടെ 25 രാജ്യങ്ങളില്‍ നിന്നുള്ള 135 സയാമിസ് ഇരട്ടകളുടെ കേസുകള്‍ സൗദി പ്രോഗ്രാം പഠിക്കുകയും ആവശ്യമായ പരിചരണങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ജീവകാരുണ്യ മേഖലയിലും മെഡിക്കല്‍ മേഖലയിലും ആഗോള തലത്തില്‍ സൗദി അറേബ്യ മുന്‍നിര പങ്ക് വഹിക്കുന്നു. സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള സൗദി പ്രോഗ്രാമിന് നല്‍കുന്ന പിന്തുണക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഡോ. അബ്ദുല്ല അല്‍റബീഅ നന്ദി പറഞ്ഞു.
സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും ഓപ്പറേഷന്‍ നടത്തിയ മെഡിക്കല്‍ സംഘത്തിനും ഹസ്നയുടെയും ഹസീനയുടെയും മാതാപിതാക്കളും നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. സൗദിയിലെത്തിയതു മുതല്‍ തങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണവും ആതിഥേയത്വവുമാണ് ലഭിച്ചതെന്നും ഇരുവരും പറഞ്ഞു. ഉടല്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ മക്കളെ ഓപ്പറേഷനിലൂടെ വിജയകരമായി വേര്‍പ്പെടുത്തി തങ്ങളുടെ തോരാകണ്ണീരിന് അറുതിയുണ്ടാക്കിയ വിവരം ഡോ. അബ്ദുല്ല അല്‍റബീഅ അറിയിച്ചയുടന്‍ സര്‍വശക്തന് നന്ദി പ്രകടിപ്പിച്ച് കുട്ടികളുടെ പിതാവ് സുജൂദ് ചെയ്തു.
പരിശോധനകള്‍ക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യതകള്‍ പഠിക്കാനും 2023 ഒക്ടോബര്‍ 31 ന് ആണ് നൈജീരിയന്‍ സയാമിസ് ഇരട്ടകളെ മാതാപിതാക്കള്‍ക്കൊപ്പം സൗദി അറേബ്യ അയച്ച പ്രത്യേക എയര്‍ ആംബുലന്‍സില്‍ മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ റിയാദിലെത്തിച്ചത്. ശസ്ത്രക്രിയയുടെ വിജയസാധ്യത 70 ശതമാനമാണെന്ന് ഡോ. അബ്ദുല്ല അല്‍റബീഅ നേരത്തെ സൂചിപ്പിച്ചിരുന്നു.

 

Latest News