വര്‍ഗീയത പരത്തിയ ന്യൂസ് ചാനലുകള്‍ക്ക് പിഴ വിധിച്ച് എന്‍.ബി.എസ്.ഡി.എ

ന്യൂദല്‍ഹി- എല്ലാ മിശ്രവിവാഹങ്ങളും ലവ് ജിഹാദല്ലെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ് അതോറിറ്റി(എന്‍.ബി.എസ്.ഡി.എ.).  വര്‍ഗീയത ഉളവാക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ ടെലിവിഷന്‍ വാര്‍ത്താ പരിപാടികള്‍ നീക്കം ചെയ്യണമെന്ന് ടൈംസ് നൗ നവ്ഭാരത്, ന്യൂസ് 18 ഇന്ത്യ, ആജ് തക്, എന്നീ ചാനലുകളോട് വിദ്വേഷം ജനിപ്പിക്കുന്ന പരിപാടികള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചതോടൊപ്പം പിഴ ഈടാക്കുകയും ചെയ്തു. വിരമിച്ച സുപ്രീംകോടതി ജഡ്ജി എ.കെ. സിക്രിയാണ് എന്‍.ബി.ഡി.എസ്.എ.യുടെ തലവന്‍.

ചാനലുകള്‍ സംപ്രേഷണം ചെയ്ത വര്‍ഗീയവിദ്വേഷം പരത്തുന്ന പരിപാടികള്‍ക്കെതിരേ ആക്ടിവിസ്റ്റായ ഇന്ദ്രജിത് ഘോര്‍പഡെ നല്‍കിയ പരാതിയിന്മേലാണ് നടപടി. ടൈംസ് നൗ നവ്ഭാരത് ചാനലിന് ഒരു ലക്ഷം രൂപയും ന്യൂസ് 18 ഇന്ത്യക്ക് അമ്പതിനായിരം രൂപയും അതോറിറ്റി പിഴ ചുമത്തി. ആജ് തക്കിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇത്തരത്തിലുള്ള മുഴുവന്‍ പരിപാടികളും ഏഴുദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

ടൈംസ് നൗ നവ്ഭാരതിന്റെ അവതാരകനായ ഹിമാന്‍ഷു ദീക്ഷിത് നിരന്തരം മുസ്‌ലിം വിഭാഗത്തെ ലക്ഷ്യം വെച്ച് വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും മിശ്രവിവാഹബന്ധങ്ങളെല്ലാം ലവ് ജിഹാദാണ് എന്ന തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളുള്‍പ്പടെ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്‍മേലാണ് ടൈംസ് നൗ നവ്ഭാരതിനെതിരെ നടപടിയുണ്ടായത്.

നിലവില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ഇന്ത്യ ചാനലില്‍ അമാന്‍ ചോപ്ര, അമിഷ് ദേവ്ഗണ്‍ എന്നിവര്‍ അവതരിപ്പിച്ച പരിപാടികളാണ് പിഴ ചുമത്താന്‍ കാരണമായത്. ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകം ലവ് ജിഹാദാണ് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഇരുവരും അവതരിപ്പിച്ച പരിപാടികളില്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെയാണ് ന്യൂസ് 18-ന് പിഴ ചുമത്തിയത്.

രാമനവമിയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ ഒരു പ്രത്യകവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് അവതാരകനായ സുധീര്‍ ചൗധരി നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ്
ഇന്ത്യ ടുഡെ ഗ്രൂപ്പിന്റെ കീഴിലുള്ള ആജ് തക്കിന് മുന്നറിയിപ്പ് നല്‍കിയത്.

 

 

 

Tags

Latest News