ഗവര്‍ണര്‍ ഇന്ന് സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിക്കും

തിരുവനന്തപുരം-വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സന്ദര്‍ശിക്കും. കേസിന്റെ അന്വേഷണ പുരോഗതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഡിജിപി അറിയിച്ചു. പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഗവര്‍ണറെ ഡിജിപി അറിയിച്ചു.
സിദ്ധാര്‍ഥന്റെ കുടുംബം നല്‍കിയ പരാതി ഗവര്‍ണര്‍ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണു ഡിജിപി ഗവര്‍ണറെ വിശദാംശങ്ങള്‍ അറിയിച്ചത്. സിദ്ധാര്‍ത്ഥിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും, മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ സമരം നടത്തുമെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വയനാട് എസ്പിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. കല്‍പ്പറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഒരു ഡിവൈഎസ്പിയെ കൂടി പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. ഒളിവിലായിരുന്ന എസ്എഫ്ഐ നേതാക്കള്‍ അടക്കം മൂന്നുപേരാണ് കീഴടങ്ങിയത്. കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്എഫ്ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, മറ്റൊരു പ്രതി എന്നിവരാണ് രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇതോടെ 18 പ്രതികളില്‍ 10 പേരും പൊലീസിന്റെ പിടിയിലായി.

Latest News