Sorry, you need to enable JavaScript to visit this website.

ഗാസയില്‍ ഭക്ഷണപ്പൊതികള്‍ വാങ്ങാനെത്തിയവര്‍ക്ക്  നേരെ ഇസ്രായില്‍ വെടിയുതിര്‍ത്തു, 104 പേര്‍ കൊല്ലപ്പെട്ടു 

ഗാസ-ഗാസയില്‍ പലസ്തീന്‍ ജനതയ്ക്കുനേരെ ഇസ്രായില്‍ സേന നടത്തിയ വെടിവെപ്പില്‍ 104 പേര്‍ കൊല്ലപ്പെട്ടു. 700-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. വ്യാഴാഴ്ച ഭക്ഷണവിതരണകേന്ദ്രത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന പലസ്തീനികള്‍ക്കു നേരെയാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്. വെടിവെപ്പുണ്ടായ കാര്യം ഇസ്രായില്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ച ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം, ആക്രമണത്തെ അപലപിച്ചു. ഗാസയുടെ പടിഞ്ഞാറന്‍ നബുള്‍സി റൗണ്ട്എബൗട്ടില്‍ ഭക്ഷണത്തിനായി ഭക്ഷണവിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് അടുത്തേക്ക് വന്നവരെയാണ് സൈന്യം വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതേസമയം, ഭക്ഷണം വാങ്ങാനെത്തിയ ജനങ്ങള്‍ ട്രക്കിനുചുറ്റും തിരക്കുകൂട്ടുകയും അങ്ങനെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് അപകടമുണ്ടായെന്നുമായിരുന്നു ഇസ്രായില്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് സൈന്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ജനക്കൂട്ടം എത്തിയതോടെ വെടിയുതിര്‍ത്തതാണെന്ന് ഇസ്രായില്‍ എഎഫ്പിയോട് പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ മതിയായ ആംബുലന്‍സുകള്‍ ഇല്ലാതെ വന്നതോടെ കഴുതവണ്ടിയില്‍ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് കമാല്‍ അദ്വാന്‍ ആശുപത്രി വക്താവ് ഫാരിസ് അഫാന പറഞ്ഞു. പരിക്കേറ്റ മുഴുവന്‍ ആളുകളെയും ചികിത്സിക്കാനുള്ള ആരോഗ്യസംവിധാനങ്ങള്‍ ഗാസയിലെ ആശുപത്രികളില്‍ ഇല്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് വാര്‍
ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest News