Sorry, you need to enable JavaScript to visit this website.

അംബാനി പുത്രന്റെ വിവാഹാഘോഷത്തിന് വെള്ളിയാഴ്ച തുടക്കം, സുക്കര്‍ബര്‍ഗും ബില്‍ഗേറ്റ്‌സുമെത്തും

മുംബൈ- വ്യവസായികള്‍ക്കും സെലിബ്രിറ്റികള്‍ക്കുമായി ചാര്‍ട്ടര്‍ ജെറ്റുകള്‍, റിഹാനയുടെ പ്രകടനം... കോടീശ്വരനായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയുടെ വിവാഹപൂര്‍വ ആഘോഷങ്ങള്‍ക്ക് നാളെ ഗുജറാത്തിലെ ജാംനഗറില്‍ തുടക്കമാവുകയാണ്. ജൂലായില്‍ നടക്കുന്ന അത്യാഡംബര വിവാഹത്തിന് മുന്നോടിയായുള്ള മൂന്ന് ദിവസത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിലെ മുന്‍നിര വ്യവസായികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളുമെത്തുന്നുണ്ട്. മുംബൈയിലെ വിരന്‍ മര്‍ച്ചന്റിന്റെയും ഷീലയുടെയും മകള്‍ രാധിക മര്‍ച്ചന്റാണ് വധു. വെള്ളിയാഴ്ചത്തെ ആഘോഷത്തില്‍ 1,200 അതിഥികളുണ്ട്.  ഗുജറാത്തിലെ റിലയന്‍സിന്റെ പ്രധാന എണ്ണ ശുദ്ധീകരണശാലയ്ക്ക് സമീപമുള്ള ജാംനഗറിലെ ഒരു ടൗണ്‍ഷിപ്പിലാണ് ഇത് നടക്കുന്നത്.
51,000 പേര്‍ക്ക് സദ്യ വിളമ്പി പ്രാദേശിക ഗ്രാമവാസികള്‍ക്കായി അനന്തും വധുവും ചേര്‍ന്ന് ഒരു അത്താഴം സംഘടിപ്പിച്ചതോടെ ബുധനാഴ്ചയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്.
ഇതിനിടെ രാധികയുമായി പ്രണയത്തിലായതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അംബാനി കുടുംബത്തിലെ ഇളംതലമുറക്കാരന്‍.
ഒരിക്കലും കല്യാണം കഴിക്കില്ലെന്നാണ് കുട്ടിക്കാലത്ത് കരുതിയിരുന്നതെന്ന് ആനന്ദ് പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ഞാന്‍ വളരെ ഭാഗ്യവാനാണ്. 'ഞാന്‍ സ്വപ്‌നം കണ്ടിരുന്ന ഒരു വ്യക്തിയെയാണ് പങ്കാളിയായി ലഭിക്കുന്നത്. കുട്ടിക്കാലത്ത് ഞാന്‍ കരുതിയത് ഒരിക്കലും വിവാഹിതനാവില്ല എന്നായിരുന്നു. ഇക്കാര്യം ഞാന്‍ മാതാപിതാക്കളോടും എപ്പോഴും പറയുമായിരുന്നു. മൃഗങ്ങളെ സേവിക്കാനായിരുന്നു എനിക്കെപ്പോഴും താത്പര്യം.
പിന്നീടാണ് രാധികയെ കണ്ടുമുട്ടിയത്. എന്റെ അതേ ചിന്തകളായിരുന്നു രാധികയ്ക്കും. മൃഗങ്ങളെ പരിപാലിക്കാന്‍ ഇഷ്ടമുള്ളയാളാണ്. എനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ ശക്തമായി കൂടെനിന്നു - ആനന്ദ് വെളിപ്പെടുത്തി.
സഹോദരന്‍ ആകാശ് അംബാനി തനിക്ക് ഭഗവാന്‍ രാമനെപ്പോലെയാണെന്നും സഹോദരി മാതാവിനെപ്പോലെയാണെന്നും ആനന്ദ് പറഞ്ഞു. തങ്ങള്‍ക്കിടയില്‍ മത്സരമില്ല. അംബാനി കുടുംബത്തില്‍ ജനിച്ചതില്‍ നന്ദിയുള്ളവനാണ്. മുകേഷ് അംബാനിയുടെ മകനായി ജനിച്ചതില്‍ നന്ദിയുള്ളവനാണ്. സഹോദരനും സഹോദരിയും പറയുന്നത് അതുപോലെ തന്നെ അനുസരിക്കും. പശകൊണ്ട് ഒട്ടിച്ചുചേര്‍ന്നതുപോലെയാണ് സഹോദരിയും സഹോദരനുമായുള്ള ബന്ധമെന്നും ആനന്ദ് അംബാനി പറഞ്ഞു.
മെറ്റയുടെ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ ആനന്ദ് അംബാനി രാധിക മര്‍ച്ചന്റ് വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2,500ല്‍ അധികം വിഭവങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. വിവാഹത്തിനെത്തുന്നവര്‍ക്കായി വന്യമ്യഗങ്ങളെ അധിവസിപ്പിച്ചിട്ടുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ പാര്‍ക്കില്‍ സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

 

 

 

 

Latest News