Sorry, you need to enable JavaScript to visit this website.

മീശ നിരോധിക്കാനാകില്ലെന്ന വിധിയിലൂടെ സുപ്രീം കോടതി പറയുന്നതെന്ത്

ന്യൂദൽഹി- എസ്. ഹരീഷിന്റെ വിവാദമായ മീശ എന്ന നോവൽ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി പറഞ്ഞത് ശ്രദ്ധേയമായ വിധി. എഴുത്തുകാരന്റെ ക്രിയാത്മകതക്ക് മേൽ കത്തിവെക്കാനാകില്ലെന്ന സന്ദേശമാണ് വിധിയിലൂടെ സുപ്രീം കോടതി നൽകുന്നതെന്നാണ് വിലയിരുത്തൽ. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി എന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം. കഴിഞ്ഞദിവസം അഡാർ ലവ് എന്ന സിനിമയിലെ പാട്ടുരംഗത്തിനെതിരായി ഒരു സംഘം സമർപ്പിച്ച ഹരജി തള്ളിക്കൊണ്ട് കോടതി ചോദിച്ച നിങ്ങൾക്കൊന്നും വേറെ പണിയില്ലേ എന്ന ചോദ്യം സുപ്രീം കോടതിയിൽ വീണ്ടും ഉയർന്നു. ഇതോടെ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തിന് സുപ്രീം കോടതി കൂച്ചുവിലങ്ങിടുമെന്ന കാര്യം ഉറപ്പായി. 
ഭരണഘടനപരമായ നിയമങ്ങളെ ഒന്നുംതന്നെ നേരിട്ടു ലംഘിക്കുന്നില്ല എങ്കിൽ എഴുത്തുകാരന് തന്റെ സൃഷ്ടിയിൽ ഏത് സന്ദർഭവും ആവിഷ്‌കരിക്കാൻ പൂർണ സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന് വിധിയുടെ തുടക്കത്തിൽ തന്നെ വ്യക്തമായി പറയുന്നുണ്ട്. ആരോപണങ്ങളുടെ പേരിൽ പുസ്തകങ്ങൾ നിരോധിച്ചാൽ ക്രിയാത്മക സൃഷ്ടികൾ ഉണ്ടാകില്ല. ഇത്തരം ഇടപെടലുകൾ കോടതികൾ നടത്തിയാൽ അത് കലയുടെ അന്ത്യത്തിന് ഇടവരുത്തുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരു ചിത്രകാരന് നിറങ്ങൾ എന്ന പോലെ തന്നെ എഴുത്തുകാരന് വാക്കുകൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വിധിയുടെ ഒടുവിൽ വ്യക്തമാക്കുന്നു. 
    അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഒരു പരിഷ്‌കൃത സമൂഹത്തോട് അങ്ങേയറ്റം ചേർന്നു നിൽക്കുന്ന വസ്തുതയാണ്. ഒരു പ്രത്യേക വിശ്വാസത്തെ പിൻതുടരുന്ന സ്ത്രീകളെ അപമാനിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പുസ്തകം നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും വിധിയിൽ വ്യക്തമാക്കുന്നു. നോവലിന്റെ പരിഭാഷപ്പെടുത്തിയ കഥാസന്ദർഭം കൂടി വിധിയിൽ വിശദീകരിച്ചു കൊണ്ടാണ് ഹർജി തള്ളിക്കളഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് കേസ് പരിഗണിച്ചപ്പോൾ വിവാദ ഭാഗങ്ങളുടെ പരിഭാഷ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.  
    ക്രിയാത്മകതയെ ഛേദിച്ചു കളയാതിരിക്കുമ്പോൾ മാത്രമേ സാഹിത്യ സൃഷ്ടികൾ വായനക്കാരനുമായി സംവദിക്കൂ എന്നു സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ആശയങ്ങൾക്ക് ചിറകുകളുണ്ട്. ആശയങ്ങളുടെ ചിറക് മുറിച്ചു കളഞ്ഞാൽ സാഹിത്യ സൃഷ്ടികൾ ഉണ്ടാകില്ല. പുസ്തകങ്ങൾ നിരോധിക്കുന്ന സംസ്‌കാരം ഉണ്ടായാൽ അത് ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനെ തടസപ്പെടുത്തുകയും സംസാരത്തിനും ചിന്തയ്ക്കും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. ബൗദ്ധീകമായ ഭീരുത്വമാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ ശത്രു എന്നും കോടതി ചൂണ്ടിക്കാട്ടി.
    ഒരു മലയാളം വാരികയിൽ മൂന്നു ഭാഗങ്ങൾ പ്രസിദ്ധീകരിക്കുകയും പിന്നീട് വിവാദവും പ്രതിഷേധവും രൂക്ഷമാകുകയും ചെയതപ്പോൾ മീശ എന്ന നോവൽ വാരികയിൽ നിന്നു പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തന്നെ നോവൽ പുസ്തക രൂപത്തിൽ പുറത്തിറങ്ങുകയും വൻതോതിൽ വിറ്റഴിക്കപ്പെടുകയും ചെയ്തു. എഴുത്തുകാരൻ എസ്. ഹരീഷിനും കുടുംബത്തിനും നേർക്ക് വലിയ ഭീഷണികൾ വരെ ഉണ്ടായി. 
    ഇതിനിടെയാണ് ഡൽഹി മലയാളിയായ എൻ. രാധാകൃഷ്ണനാണ് നോവൽ നിരോധിക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്. ഒരു അഭിമാന ഹിന്ദു എന്നു സ്വയം വിശേഷിപ്പിച്ച പരാതിക്കാരൻ നോവൽ ബ്രാഹ്മണ പുരോഹിതരെ ജാതീയമായും വംശീയമായും അപകീർത്തിപ്പെടുത്തുന്നുവെന്നും ക്ഷേത്ര ദർശനം നടത്തുന്ന സ്ത്രീകളെ അപമാനിക്കുന്ന എന്നുമായിരുന്നു പരാതിയിൽ ഉന്നയിച്ചിരുന്നത്. നോവലിലെ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്നു എന്നും സ്ത്രീകളെ വെറും ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നു എന്നും പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നോവലിന്റെ പേരിൽ വലിയ ആൾക്കൂട്ട അക്രമം വരെ ഉണ്ടാകാനിടയുണ്ടെന്നും പരാതിക്കാരൻ മുന്നറിയിപ്പ് നൽകിയിരുന്നു. ചാർലി ഹെബ്ദോ മാസികയിലെ കാർട്ടൂണിന്റെ പേരിൽ ഉണ്ടായ തരത്തിലുള്ള കൂട്ടക്കൊലകൾ വരെ ഉണ്ടായേക്കാം എന്നായിരുന്നു ഹർജിക്കാരന്റെ മുന്നറിയിപ്പ്. 
    എന്നാൽ, കുറച്ചാളുകളുടെ ബുദ്ധിചാപല്യത്തിന്റെ പുറത്തുള്ള ധാരണയുടെ പേരിൽ ഗ്രന്ഥകർത്താവിന്റെ ആശയ പ്രകാശന സ്വാതന്ത്ര്യത്തിനുള്ള മൗലീക അവകാശത്തിന് മേൽ കൈകടത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നോവലിനെതിരായ ഹർജി തള്ളിയത്. പുസ്തകം നിരോധിക്കുന്നത് ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനെ തടസപ്പെടുത്തുന്നതിന് കാരണമാകുമെന്നാണ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞത്. സാഹിത്യ സൃഷ്ടികൾ നിരോധിക്കുക സാധ്യമല്ല. ഈ ഇന്റർനെറ്റ് യുഗത്തിലും നിങ്ങൾ ഇത്തരം കാര്യങ്ങൾക്ക് അനാവശ്യ പ്രാധാന്യം നൽകുകയാണ്. ഇതൊക്കെ മറന്നു കളയുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ' നിങ്ങൾ പറയുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടാകും. പക്ഷേ, അതു പറയാനുള്ള നിങ്ങളുടെ അവകാശത്തെ മരണം വരെ ഞാൻ സംരക്ഷിക്കും' എന്ന വോൾട്ടയറിന്റെ വിഖ്യാത വാചകം ഉദ്ധരിച്ച് കൊണ്ടാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. 


 

Latest News