ജയ്പൂര്‍- രാജസ്ഥാനില്‍ 1993 ലെ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ മിസ്റ്റര്‍ ബോംബ് എന്ന പേരില്‍ കുപ്രസിദ്ധി നേടിയ അബ്ദുള്‍ കരീം തുണ്ടയെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടന്ന സ്‌ഫോടനങ്ങളില്‍ രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ലശ്കറെ തയ്യിബയുമായി ബന്ധം ആരോപിച്ച് അബ്ദുള്‍ കരീം തുണ്ടയെ അറസ്റ്റ് ചെയ്തത്.
അബ്ദുള്‍ കരീം തുണ്ട ഇപ്പോള്‍ 1996ലെ ബോംബ് സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ബോംബ് നിര്‍മ്മാണ നൈപുണ്യത്തിനും ഭീകരന്‍ ദാവൂദ് ഇബ്രാഹിമുമായുള്ള സാമീപ്യത്തിനും കുപ്രസിദ്ധി നേടിയ തുണ്ട മറ്റ് നിരവധി ബോംകേസുകളില്‍ പ്രതിയാണ്. കോട്ട, കാണ്‍പൂര്‍, സെക്കന്തരാബാദ്, സൂറത്ത് എന്നിവിടങ്ങളില്‍ നടന്ന ട്രെയിന്‍ ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ നേരിട്ടിരുന്നു.
തെളിവുകളുടെ അഭാവത്തിലാണ് തുണ്ടയെ കുറ്റവിമുക്തനാക്കാനുള്ള രാജസ്ഥാനിലെ പ്രത്യേക കോടതിയുടെ തീരുമാനം. അതേസമയം, ഇതേ കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പ്രതികളായ അമിനുദ്ദീനും ഇര്‍ഫാനും കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.