റിയാദ് - സൗദിയില്‍ ടൂറിസം മേഖലയില്‍ ഒമ്പതേകാല്‍ ലക്ഷം പേര്‍ ജോലി ചെയ്യുന്നതായി ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ബിന്‍ത് മുഹമ്മദ് ബിന്‍ സൗദ് രാജകുമാരി പറഞ്ഞു. വിനോദസഞ്ചാര വ്യവസായ മേഖലാ ജീവനക്കാരില്‍ 45 ശതമാനം പേര്‍ വനിതകളാണെന്നും റിയാദില്‍ ഹ്യൂമന്‍ കേപാബിലിറ്റി ഇനീഷ്യേറ്റീവിന്റെ ഭാഗമായ സംവാദ സെഷനില്‍ പങ്കെടുത്ത് ഹൈഫാ രാജകുമാരി പറഞ്ഞു. സൗദിയില്‍ വിനോദസഞ്ചാര മേഖലയില്‍ നിലവില്‍ സുസ്ഥിരതയില്‍ ശ്രദ്ധ ചെലുത്തുന്നു.
ലോക സാമ്പത്തിക ഫോറത്തിന്റെ അഭിപ്രായത്തില്‍, ആഗോള തലത്തില്‍ തൊഴിലുകളുടെ 33 ശതമാനം സാങ്കേതികവിദ്യയിലേക്ക് മാറും. ഇതിന് നൈപുണ്യങ്ങള്‍ ആര്‍ജിക്കലും വികസിപ്പിക്കലും ആവശ്യമാണ്. ടൂറിസം മേഖലയില്‍ സാങ്കേതികവിദ്യ സുപ്രധാന പങ്ക് വഹിക്കും. ടൂറിസം മേഖലക്ക് ഗുണകരമായ നിലക്ക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നു. ടൂറിസം മേഖലാ ജീവനക്കാരുടെ പുരോഗതിക്കും ശേഷികള്‍ വികസിപ്പിക്കാനും സാങ്കേതികവിദ്യ സഹായിക്കും. ഡാറ്റാ സയന്‍സ് തീരുമാനങ്ങളെടുക്കാന്‍ ബന്ധപ്പെട്ടവരെ സഹായിക്കുമെന്നും ഹൈഫാ രാജകുമാരി പറഞ്ഞു.