ജിദ്ദ - സൗദിയില്‍ റീജ്യനല്‍ ആസ്ഥാനം തുറക്കാന്‍ 450 ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സമീപ കാലത്ത് നിക്ഷേപ മന്ത്രാലയം ലൈസന്‍സുകള്‍ അനുവദിച്ചതായി വകുപ്പ് മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി. പുതിയ നൈപുണ്യങ്ങള്‍ ആര്‍ജിക്കാനും ശേഷികള്‍ വികസിപ്പിക്കാനും നിക്ഷേപങ്ങള്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്നതായി റിയാദില്‍ ഹ്യൂമന്‍ കേപാബിലിറ്റി ഇനീഷ്യേറ്റീവില്‍ പങ്കെടുത്ത് നിക്ഷേപ മന്ത്രി പറഞ്ഞു. നിക്ഷേപവും മാനവശേഷിയും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഈ ചാലകശക്തി സൗദി അറേബ്യക്ക് പുതിയതല്ല. 90 വര്‍ഷത്തിലേറെയായി സൗദി അറേബ്യ ഊര്‍ജ മേഖലയില്‍ മുന്‍നിര സ്ഥാനം വഹിക്കുന്നു.
വിഷന്‍ 2030 പ്രഖ്യാപിക്കുന്നതിനു മുമ്പത്തെ അപേക്ഷിച്ച് ഈ ദശകാവസാനത്തോടെ സൗദി സമ്പദ്‌വ്യവസ്ഥ ഇരട്ടിയായി ഉയര്‍ത്താന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നു. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം തുടരും. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം 40 ശതമാനത്തില്‍ നിന്ന് 65 ശതമാനമായി ഉയര്‍ത്താനാണ് ഉന്നമിടുന്നത്. 2030 ഓടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ മൂന്നു ട്രില്യണിലേറെ ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തും. ഇതില്‍ വലിയൊരു ഭാഗം ഡിജിറ്റല്‍ ഇക്കോണമി, ടൂറിസം, ധനം, ആരോഗ്യ പരിചരണം, ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളിലാകും. ഈ നിക്ഷേപങ്ങള്‍ മാനവശേഷി വികസനത്തിന് വലിയ അവസരങ്ങള്‍ നല്‍കുമെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.