ഇടുക്കി - കാന്തല്ലൂരിലെ വിശാലമായ കൃഷിയിടങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിച്ചുവരുന്ന കാട്ടുപോത്തിന്‍ കൂട്ടങ്ങളെ വനത്തിനുള്ളിലേക്ക് തുരത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ദിവസം എട്ടു കാട്ടുപോത്തുകളെ വനത്തിനുള്ളിലേക്ക് തുരത്തി. ഇനി ഇരുപതോളം കാട്ടുപോത്തുകളെയാണ് തുരത്താനുള്ളത്.
കടുത്ത വേനലിനെ അതിജീവിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരുടെ വിളകള്‍ കാട്ടുപോത്തിന്‍ കൂട്ടം വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവവും പ്രദേശത്തെ കാര്‍ഷിക മേഖലയെ കുറിച്ചും വനമേഖലയെ കുറിച്ചും വ്യക്തമായ ധാരണയില്ലാത്തതിനാലും വനംവകുപ്പ് നിസഹായരായ സാഹചര്യത്തിലാണ് അഞ്ചുനാട് ഗ്രാമീണരുടെയും പ്രദേശവാസികളുടെയും സഹായം തേടിയത്. കാന്തല്ലുര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമീണരും വനം വകുപ്പ് വാച്ചര്‍മാരും ചേര്‍ന്ന് ബി എഫ് ഒ മാരുടെ നേതൃത്വത്തില്‍ കൃഷിയിടത്തില്‍ നിന്നും കാട്ടിലേക്ക് പോകാതെ നിന്ന കാട്ടുപോത്തുകളെ തുരത്താന്‍ തീരൂമാനിക്കുക ആയിരുന്നു. 150ഓളം വരുന്ന ഗ്രാമീണര്‍ ഡെപ്യൂട്ടി റേഞ്ചറുമാരുടെ നേതൃത്വത്തിലാണ് രാവിലെ മുതല്‍ കാട്ടുപോത്തുകളെ തുരത്തിയത്.
കീഴാന്തൂരിന് സമീപം നാത്താപ്പാറ ഭാഗത്ത് നിന്ന കാട്ടുപോത്തുകളെ മാത്രമാണ് കാടിനുള്ളിലേക്ക് കയറ്റാന്‍ കഴിഞ്ഞത്. പയസ് നഗര്‍ മുതല്‍ കാന്തല്ലൂര്‍ വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയും മെഡിക്കല്‍ സംവിധാനം ഒരുക്കിയുമാണ് കാട്ടുപോത്തുകളെ തുരത്തിയത്.






