തുരങ്കത്തിൽനിന്ന് 41 തൊഴിലാളികളെ രക്ഷിച്ച ഖനി തൊഴിലാളിയുടെ വീട് തകർത്തു

ന്യൂദൽഹി- ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളുടെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകരിൽ ഒരാളായ വക്കീൽ ഹസന്റെ വീട് ദൽഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡി.ഡി.എ) പൊളിച്ചുനീക്കി. ഇന്നലെയാണ് ഖജൂരി ഖാസിലെ നിരവധി വീടുകൾ ഡി.ഡി.എ തകർത്തത്. ആസൂത്രിത വികസന പദ്ധതിയുടെ ഭാഗമായ ഭൂമിയിലാണ് പൊളിക്കൽ നടത്തിയതെന്ന് ഡി.ഡി.എ പറഞ്ഞു. തന്റെ വീട് തകർത്തതിന്റെ വീഡിയോ വക്കീൽ ഹസൻ പുറത്തുവിട്ടു. 
ഉത്തരാഖണ്ഡിൽ ഖനിയിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിച്ച റാറ്റ്‌ഹോൾ രക്ഷാപ്രവർത്തകരിൽ ഒരാളായിരുന്നു വക്കീൽ ഹസൻ. ഈ ടീമിലെ റ്റൊരു അംഗമായ മുന്ന ഖുറേഷിയും തങ്ങളെ പോലീസ് മർദിച്ചതായി വ്യക്തമാക്കി. സിൽക്യാര തുരങ്കത്തിൽ നിന്ന് തൊഴിലാളികൾ പുറത്തുകടക്കുമ്പോൾ ടീം വർക്കിന്റെ അത്ഭുതകരമായ ഉദാഹരണം എന്നായിരുന്നു പ്രധാനമന്ത്രി മോഡി വിശേഷിപ്പിച്ചത്.  

ഈ വീട് ഞങ്ങൾക്ക് നൽകണമെന്ന് നേരത്തെ അധികാരികളോടും സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും ഹസൻ ആരോപിച്ചു. 
2013ലാണ് താൻ ഈ വീട് വാങ്ങിയതെന്നും വീടിന്റെ രജിസ്ട്രി 1987 മുതലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും ഭരണകൂടം വീട് പൊളിച്ചു. എന്റെ വീട് എനിക്ക് തരണം എന്ന ഒറ്റ ആവശ്യമേയുള്ളൂവെന്നും ഹസൻ പറഞ്ഞു. എന്റെ വീട് തന്നില്ലെങ്കിൽ ഞാൻ നിരാഹാര സമരം നടത്തുമെന്നും മുന്നറിയിപ്പ് നൽകി. 
റാറ്റ് ഹോൾ ഖനന സംഘത്തിലെ ഹസനും മറ്റ് അഞ്ച് അംഗങ്ങളും വടക്കുകിഴക്കൻ ദൽഹിയിലെ ഖജൂരി ഖാസിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവർ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുള്ളവരാണ്.
 

Latest News