പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥിയുടെ മരണത്തിലെ പ്രധാന പ്രതി പിടിയില്‍

കല്‍പ്പറ്റ - പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതി അഖില്‍ പിടിയില്‍. പാലക്കാട് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അഖില്‍ എന്ന് ഡി വൈ എസ് പി അറിയിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ 12 പേരില്‍ ഒരാളാണ് പിടിയിലായത്. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. കേസില്‍ ആരോപണ വിധേയരായ നാലുപേരെ എസ് എഫ് ഐയില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് പി.എം.ആര്‍ഷോ അറിയിച്ചു.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ നിരവധി അടയാളങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്തില്‍ രണ്ട് ദിവസം പഴക്കംചെന്ന മുറിവും ഉണ്ടായിരുന്നു. ഇതിന് പുറമേ വയറിലും നെഞ്ചിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനത്തിന്റെ അടയാളങ്ങളുണ്ട്. സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്നാണ് സഹപാഠികളുടെയും കുടുംബത്തിന്റെയും ആരോപണം.

Latest News