കല്‍പറ്റ- കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസിലെ ബി.വി.എസ്‌സി ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥനെ(21)ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സീനിയര്‍ വിദ്യാര്‍ഥികളായ ആറു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാലക്കണ്ടിയില്‍ രെഹാന്‍ ബിനോയ്(20), കൊഞ്ചിറവിള വിജയമ്മ നിവാസില്‍ എസ്.ഡി. ആകാശ് (22), നന്ദിയോട് ശ്രീനിലയം ആര്‍.ഡി. ശ്രീഹരി(23), ഇടുക്കി രാമക്കല്‍ മേട് പഴയടത്ത് വീട്ടില്‍ എസ്. അഭിഷേക്(23), തൊടുപുഴ മുതലക്കോടം തുറക്കല്‍ പുത്തന്‍പുരയില്‍ ഡോണ്‍സ് ഡായ് (23), ബത്തേരി ചുങ്കം തെന്നിക്കോട് ബില്‍ഗേറ്റ്‌സ് ജോഷ്വ(23) എന്നിവരെയാണ് ഡിവൈ.എസ്.പി ടി.എന്‍.സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയത്. റാംഗിംഗ്, തടഞ്ഞുവയ്ക്കല്‍, സംഘംചേര്‍ന്നു മര്‍ദനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്.
കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാര്‍ഥനെ കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് സിദ്ധാര്‍ഥനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ലോക പ്രണയദിനത്തില്‍ കാമ്പസിലുണ്ടായ ചില വിഷയങ്ങളാണ് സിദ്ധാര്‍ത്ഥനോടുള്ള സീനിയര്‍ വിദ്യാര്‍ഥികളുടെ വിരോധത്തിനു കാരണമായത്. അന്നു മുതല്‍ സീനിയര്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ സിദ്ധാര്‍ത്ഥനെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നതായി രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണം വിവാദമായതിനു പിന്നാലെ കാമ്പസിലെ ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 12 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒളിവില്‍ പോയ ഇവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയതലത്തിലടക്കം നീക്കം നടക്കുന്നതായി കെ.എസ്. യു ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സമഗ്രാന്വേണത്തിനു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഡി.ജി.പിക്കു പരാതി നല്‍കിയിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തിനു കാരണക്കാരായവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈത്തിരി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി.
സിദ്ധാര്‍ത്ഥന്റെ മരണത്തെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളില്‍ നാലു പേര്‍ എസ്.എഎഫ്.ഐ ബന്ധമുള്ളവരാണ്. അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്.എഫ്.ഐയ്ക്ക് പങ്കില്ലെന്നു സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ കല്‍പറ്റയില്‍ പറഞ്ഞു. മുഴുവന്‍ കുറ്റക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.