തിരുവനന്തപുരം- ബി.ജെ.പി. ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി സി.പി.എമ്മില്‍ ചേര്‍ന്നു. ആറ്റിങ്ങല്‍ സി.പി.എം. സ്ഥാനാര്‍ഥി വി. ജോയിക്ക് വെഞ്ഞാറമൂട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തുകൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി സി.പി.എമ്മില്‍ ചേര്‍ന്നത്.
വെഞ്ഞാറമൂട്ടിലെ ചില ബി.ജെ.പി. നേതാക്കളുടെ പണപ്പിരിവുമായി ബന്ധപ്പെട്ടു ബി.ജെ.പി. ജില്ലാ കമ്മിറ്റിയില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ ജില്ലാ നേതൃത്വം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്നും നെല്ലിനാട് ശശി പത്രസമ്മേളനത്തില്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിനാട് ശശിയെ വി. ജോയ് ഷാള്‍ അണിയിക്കുകയും സി.പി.എം. നേതാവ് കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ പാര്‍ട്ടി പതാക കൈമാറുകയും ചെയ്തു.