രാജ്യസഭയില്‍ ഏപ്രിലോടെ എന്‍.ഡി.എ ഭൂരിപക്ഷത്തിലെത്തിയേക്കും

ന്യൂദല്‍ഹി- അടുത്ത ഏപ്രിലോടെ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം(എന്‍ഡിഎ) രാജ്യസഭയില്‍ ഭൂരിപക്ഷത്തിലെത്തും. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനു പിന്നാലെ  നോമിനേറ്റഡ് വിഭാഗത്തിന് കീഴില്‍ ബാക്കിയുള്ള ആറ് ഒഴിവുകള്‍ കൂടി നികത്താനുണ്ട്.
നിലവില്‍ 94 അംഗങ്ങളുള്ള ബി.ജെ.പി ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍  രണ്ട് സീറ്റുകള്‍ കൂടി നേടിയിട്ടുണ്ട്. ഇതോടെ അംഗബലം 96 ആയി.  245 അംഗ സഭയില്‍ നിലവില്‍ 113 അംഗങ്ങളാണ് എന്‍ഡിഎക്കുള്ളത്. മുന്നണിയുടെ അംഗബലം  ഏപ്രിലില്‍ 123 ലെത്തും.
നിലവില്‍ രാജ്യസഭയില്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത ആറ് എംപിമാര്‍ മാത്രമേയുള്ളൂ. ചിലര്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു. സഭയില്‍ ആകെ 12 നോമിനേറ്റഡ് അംഗങ്ങളാണുള്ളത്. രാജ്യസഭയില്‍ ഇതുവരെ ഭൂരിപക്ഷമില്ലാത്ത എന്‍.ഡി.എ ഏപ്രിലോടെ ചില സ്വതന്ത്രരുടെയും നോമിനേറ്റഡ് അംഗങ്ങളുടെയും പിന്തുണയോടെ  ഭൂരിപക്ഷം കൈവരിക്കുമന്നാണ്  കണക്കുകള്‍.
15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി 30 സീറ്റുകളിലും കോണ്‍ഗ്രസ് ഒമ്പത്, എസ്.പി 2, ടി.എം.സി 4, വൈഎസ്ആര്‍സിപി 3, ആര്‍ജെഡി 2, ബിജെഡി 2, എന്‍സിപി, ശിവസേന, ബിആര്‍എസ്, ജെഡി( യു) ഓരോ സീറ്റും നേടി.
കോണ്‍ഗ്രസിന്റെ അംഗബലം 30 സീറ്റിലേക്ക് താഴ്ന്നതോടെ സംയുക്ത പ്രതിപക്ഷത്തിന് രാജ്യസഭയില്‍ 100ല്‍ താഴെ എംപിമാരാണുള്ളത്.

 

Latest News