Sorry, you need to enable JavaScript to visit this website.

ഭരണകക്ഷി അനുഭാവി ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ വോട്ടര്‍ പട്ടികയില്‍ നിന്നും എല്‍. ഡി. എഫുകാരല്ലാത്ത വോട്ടര്‍മാരെ നീക്കുന്നതായി മുസ്ലിം ലീഗ്

കണ്ണൂര്‍- ഭരണകക്ഷി അനുഭാവികളായ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ ജില്ലയില്‍  വോട്ടര്‍ പട്ടികയില്‍ നിന്നും എല്‍. ഡി. എഫുകാരല്ലാത്ത യഥാര്‍ഥ വോട്ടര്‍മാരെ നീക്കുന്ന പ്രക്രിയ തുടരുകയാണെന്നും ഇത് ഗൗരവകരമായി കാണണമെന്നും മുസ്ലിം ലീഗ് ജില്ല ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു.

മറ്റു ജില്ലകളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും ജോലി തേടി പോയവരുടെയും വിവാഹിതരായി വീട് മാറി മറ്റൊരു സ്ഥലത്ത് പോയെങ്കിലും അവിടെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത വരുടെയും വോട്ടുകളാണ് ഇങ്ങനെ  നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്.

ഹിയറിങ് നോട്ടീസ് പോലും നല്‍കാതെയാണ് പലയിടങ്ങളിലും സി. പി. എം അനുഭാവികളായ ഉദ്യോഗസ്ഥ ലോബി ഈ നീക്കത്തിന് കൂട്ടുനില്‍ക്കുന്നത്. ജില്ലയിലെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും ഇങ്ങിനെ അന്തിമവോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ച വോട്ടര്‍മാരുടെ വോട്ടുകള്‍ നീക്കം ചെയ്ത് വരുന്നതായാണ് മനസ്സിലാക്കുന്നത്. ഈ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. 

സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങാന്‍ യോഗം ആഹ്വാനം ചെയ്തു. 

ജില്ലാ ജനറല്‍ സെക്രട്ടറി കെ. ടി. സഹദുള്ള സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി. കെ. അബ്ദുല്ല ഹാജി, ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ. കെ. എ. ലത്തീഫ്, വി. പി. വമ്പന്‍, കെ. പി. താഹിര്‍, ഇബ്രാഹിം മുണ്ടേരി, കെ. വി. മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, ടി. എ. തങ്ങള്‍, അന്‍സാരി തില്ലങ്കേരി, അഡ്വ. എം. പി. മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി. പി. മുസ്തഫ, എന്‍. കെ. റഫീഖ് മാസ്റ്റര്‍, പി. കെ. സുബൈര്‍, ബി. കെ. അഹമ്മദ് സംസാരിച്ചു.

Latest News