മുസ്ലിംകൾക്ക് സ്വത്തുക്കൾ വിൽക്കരുത്, വാടകക്ക് നൽകരുത്; രാജസ്ഥാനിൽ വിദ്വേഷ പോസ്റ്റർ

ജയ്പൂർ-രാജ്യത്തുടനീളം മുസ്ലിം വിരുദ്ധ വിദ്വേഷം പ്രചരിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതിനിടയിൽ രാജസ്ഥാനിൽ  മുസ്ലിംകൾക്ക് വസ്തുവകകൾ വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്യരുതെന്ന് പ്രദേശവാസികളോട് ആവശ്യപ്പെട്ട് പോസ്റ്ററുകൾ. ജയ്പൂരിലെ നന്ദപുരി പരിസരത്താണ്  പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.   പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ ജയ്പൂർ പോലീസ്  നീക്കം ചെയ്തു. ഹിന്ദുക്കളോടുള്ള ഒരു അഭ്യർത്ഥന: മുസ്ലിം ജിഹാദിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളൂ എന്നാണ് പോസ്റ്ററുകളെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

കുറച്ച് ദിവസം മുമ്പ് ഒരു താമസക്കാരൻ തൻ്റെ സ്വത്ത് ഒരു മുസ്ലിം കുടുംബത്തിന് വിറ്റതിന് ശേഷമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്ന് വാർഡ് കൗൺസിലറായ അനിത ജെയിൻ സ്ഥിരീകരിച്ചു.

മുസ്ലിം വിരുദ്ധ പോസ്റ്ററുകൾ നീക്കം ചെയ്യാൻ പോലീസ് നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ, കേസെടുത്തിട്ടില്ല. നഗരത്തിലെ ന്യൂനപക്ഷ ജനസംഖ്യയുടെ വർദ്ധനവ് നിയന്ത്രിക്കേണ്ടതുണ്ടെന്നും  അവർ ഹിന്ദു ആധിപത്യമുള്ള പ്രദേശങ്ങളിലേക്ക് മനഃപൂർവം പ്രവേശിക്കുകയാണെന്നും അനിത പറഞ്ഞു. പോസ്റ്ററുകൾ നീക്കം ചെയ്യാൻ സത്വര നടപടികൾ സ്വീകരിച്ചതായി ബ്രഹ്മപുരി പോലീസ് സ്റ്റേഷനിലെ സെക്കൻഡ് ഓഫീസർ ഹരി ഓം പറഞ്ഞു. അക്രമികൾക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പോസ്റ്ററുകൾ  കോളനിയിലെ ആറോ ഏഴോ വീടുകളെ മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ മറുപടി.

Latest News