Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൂത്തികൾക്ക് ആയുധം; അമേരിക്ക പിടികൂടിയ പാക് പൗരന്റെ കസ്റ്റഡി നീട്ടി

വാഷിംഗ്ടൺ- ഹൂത്തികൾക്ക് ആയുധം എത്തിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം അറബിക്കടലിൽനിന്ന് അമേരിക്കൻ സൈനികർ അറസ്റ്റ് ചെയ്ത പാക് പൗരനായ മുഹമ്മദ് പഹൽവാന്റെ കസ്റ്റഡി നീട്ടി. മിസൈൽ ഘടകങ്ങൾ അടക്കമുള്ളവയാണ് പഹൽവാന്റെ നേതൃത്വത്തിലുള്ള സംഘം ഇറാനിൽനിന്ന് യെമനിലെ ഹൂത്തികൾക്ക് നൽകാനായി കൊണ്ടുപോയതെന്ന് അമേരിക്കയിലെ ഫെഡറൽ കോടതിയിൽ പ്രോസിക്യൂട്ടർമാർ നൽകിയ കുറ്റപത്രത്തിൽ പറയുന്നു. ഭീകര പ്രവർത്തനമടക്കമുള്ള കുറ്റങ്ങളാണ് പഹൽവാനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ 20 വർഷം തടവ് വരെ ശിക്ഷ ലഭിക്കാം.
ജനുവരി 11നാണ് അമേരിക്കൻ സൈനികർ നടത്തിയ ഓപറേഷനിൽ പഹൽവാന്റെ നേതൃത്വത്തിലുള്ള ഉരു പിടിയിലാവുന്നത്. ഓപറേഷനിൽ രണ്ട് യു.എസ് നേവി സീലുകൾ കൊല്ലപ്പെട്ടിരുന്നു. യു.എസ് കപ്പലിൽനിന്ന് ഉരുവിന്റെ വേഗം കുറയ്കാൻ ആവശ്യപ്പെട്ടപ്പോൾ അതിന് തയാറായിരുന്നില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. യു.എസ് കപ്പൽ അടുത്തെത്തിയപ്പോൾ ഉരുവിന് തീ കൊളുത്താൻ പഹൽവാൻ ഉരുവിലെ മറ്റ് ജീവനക്കാരോട് വിളിച്ചുപറഞ്ഞുവത്രെ. എന്നാൽ പിന്നീട് മറ്റൊരു ജീവനക്കാരൻ ഉരുവിന്റെ എൻജിൻ ഓഫാക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്തശേഷം യു.എസ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ നടത്തിയ ആദ്യ ചോദ്യം ചെയ്യലിൽ പഹൽവാൻ കളവ് പറഞ്ഞെന്നും കുറ്റപത്രത്തിലുണ്ട്. താൻ ഉരുവിന്റെ ക്യാപ്റ്റനല്ലെന്നും ഒരു എൻജിനീയർ മാത്രമാണെന്നുമാണ് അയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. പിന്നീട് എഫ്.ബി.ഐ ഉദ്യോഗസ്ഥൻ ലോറൻ ലീ ചോദ്യം ചെയ്തപ്പോൾ ഉരുവിന്റെ നിയന്ത്രണം തനിക്ക് തന്നെയായിരുന്നുവെന്ന് പഹൽവാൻ സമ്മതിച്ചു. എന്നാൽ ആദ്യം ചോദ്യം ചെയ്തപ്പോൾ യു.എസ് ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയ പരിഭാഷകന് പഹൽവാന്റെ പഞ്ചാബി ഭാഷ നന്നായി അറിയാത്തതുകൊണ്ടാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
പഹൽവാനെതിരായ പ്രധാന കുറ്റം ഹൂത്തികൾക്കു വേണ്ടിയാണെന്ന് അറിഞ്ഞുകൊണ്ട് ആയുധങ്ങൾ കൊണ്ടുപോയി എന്നതാണെന്നും ഇത് ഭീകരപ്രർത്തനമാണെന്നും യു.എസ് അസിസ്റ്റന്റ് അറ്റോണി ട്രോയ് എഡ്വേർഡ്‌സ് ജൂനിയർ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. പരമാവധി 20 വർഷം വരെ ജയിൽശിക്ഷ കുറ്റമാണിത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് തെറ്റായ വിവരങ്ങൾ നൽകിയതിന് അഞ്ച് വർഷം തടവും കിട്ടാം. 
ഉരുവിലുണ്ടായിരുന്ന മറ്റ് മൂന്ന് ജീവനക്കാരുടെ കസ്റ്റഡിയും നീട്ടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ക്യാപ്റ്റനെ കുറിച്ചും, ഉരുവിൽ ഉണ്ടായിരുന്ന ആയുധങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ബോധപൂർവം മറച്ചുവെച്ചു എന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. ബോട്ടിലുണ്ടായിരുന്ന മറ്റ് പത്ത് ജീവനക്കാരെ തെളിവുനിയമ പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. ഇവരും കസ്റ്റഡിയിൽ തുടരുകയാണ്.
ഉരുവിലെ ജീവനക്കാർ സാറ്റലൈറ്റ് ഫോൺ വഴി നിരവധി തവണ ഇറാനിലെ ഒരു ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ് കോർപ്‌സ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടുവെന്ന് ഒരു എഫ്.ബി.ഐ ഏജന്റ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ, കപ്പൽവേധ ക്രൂസ് മിസൈലുകൾ എന്നിവക്കുവേണ്ട സുപ്രധാന ഘടകങ്ങൾ, മറ്റ് ആയുധങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിവ ഉരുവിൽനിന്ന് പിടിച്ചെടുത്തുവെന്നാണ് എഫ്.ബി.ഐ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

Tags

Latest News