Sorry, you need to enable JavaScript to visit this website.

കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നാലു പേര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി- മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ
വലിച്ചിറക്കി മര്‍ദിക്കുകയും മോതിരവും മാലയുടെ ഭാഗവും കവരുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബത്തേരി പള്ളിക്കണ്ടി പള്ളിക്കളം അജ്മല്‍ (24), തിരുനെല്ലി ആലക്കല്‍ അശ്വിന്‍ (23), പള്ളിക്കണ്ടി ചെരിവ് പുരയിടത്തില്‍ അമാന്‍ റോഷന്‍ (23), നൂല്‍പ്പുഴ കല്ലുമുക്ക് കൊടുപുര മുഹമ്മദ് നസീം (26) എന്നിവരെയാണ് ബത്തേരി എസ്. എച്ച്. ഒ ബൈജു കെ. ജോസും സംഘവും മൈസൂരുവില്‍നിന്നു അറസ്റ്റു ചെയ്തത്.

കോളിയാടി സ്വദേശി കെ. എ. നിഖിലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ജനുവരി 30ന് രാത്രി 11 ഓടെയാണ് കേസിനു ആസ്പദമായ സംഭവം. കല്ലുവയല്‍ ഭാഗത്തുനിന്നുവന്ന അഖിലിന്റെ കാര്‍ ബത്തേരി- ചുള്ളിയോട് മെയിന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയത് മെയിന്‍ റോഡിലൂടെ വന്ന പ്രതികളുടെ കാറിന് തൊട്ടുമുമ്പില്‍ പോയ ബസിനെ മറികടക്കുന്നതിന് തടസമായി. ഇതിലുള്ള വിരോധമാണ് അക്രമത്തിലും കവര്‍ച്ചയിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കല്ലുവയല്‍ വാട്ടര്‍ അതോറിട്ടി ഓഫീസിനു മുന്നില്‍ പൊതുനിരത്തിലാണ് അഖിലിനു മര്‍ദനമേറ്റത്. കഴുത്തിന് കുത്തിപ്പിടിച്ച് സ്വര്‍ണമാല വലിച്ചുപൊട്ടിച്ച് ഒരു കഷണം കൈക്കലാക്കിയ പ്രതികള്‍ മോതിരം ഊരിയെടുത്തു. അഖിലിന്റെ മോതിര വിരലിനു പൊട്ടലേറ്റു. 

എസ്. ഐമാരായ സി. എം. സാബു, കെ. വി. ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ എ. വി. നൗഫല്‍, ലബ്നാസ്, സി. പി. ഒമാരായ പി. ബി. അജിത്ത്്, ഡോണിത്ത് സജി എന്നിവരും അടങ്ങുന്ന സംഘമാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ നാല് പേരും വിവിധ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Latest News