ജിദ്ദ - സൗദി യുവാവ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ജോലി സ്ഥലത്ത് കൊല്ലപ്പെട്ടു. മുപ്പതുകാരന്‍ ശിരസ്സിന് അടിയേറ്റാണ് മരണപ്പെട്ടത്. വാക്കേറ്റത്തിനിടെ 31 കാരനായ ഓസ്‌ട്രേലിയന്‍ യുവാവാണ് സൗദി യുവാവിനെ ആക്രമിച്ചത്. ബന്ധപ്പെട്ട ഓസ്‌ട്രേലിയന്‍ വകുപ്പുകളുമായി ഏകോപനം നടത്തി സംഭവത്തില്‍ ഫോളോ-അപ് നടത്തുന്നതായി ഓസ്‌ട്രേലിയയിലെ സൗദി എംബസി പ്രസ്താവനയില്‍ പറഞ്ഞു.
സിഡ്‌നിയിലെ റോയല്‍ ഹോട്ടലില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന സൗദി യുവാവും ഓസ്‌ട്രേലിയന്‍ യുവാവ് ബ്രയാന്‍ എഡ്മണ്ടും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനിടെ ഓസ്‌ട്രേലിയന്‍ യുവാവ് സൗദി യുവാവിന്റെ ശിരസ്സില്‍ ക്രൂരമായി അടിക്കുകയുമായിരുന്നെന്ന് ഓസ്‌ട്രേലിയന്‍ പോലീസ് പറഞ്ഞു. മര്‍ദനമേറ്റ് ബോധരഹിതനായി നിലംപതിച്ച യുവാവ് സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
തന്റെ ജോലിയുടെ ഭാഗമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടെയാണ് സൗദി യുവാവ് കൊല്ലപ്പെട്ടത്. പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് പുറത്തുപോകാന്‍ പ്രതിയോട് സൗദി യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി സൗദി യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കുന്നതിനെ പോലീസ് എതിര്‍ത്തു. സംഭവത്തില്‍ വിശദമായ അന്വേഷണങ്ങള്‍ തുടരുകയാണെന്നും ഓസ്‌ട്രേലിയന്‍ പോലീസ് പറഞ്ഞു. പ്രതിയെ ഏപ്രിലില്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയില്‍ മരണത്തിന് ഇടയാക്കുന്ന ആക്രമണങ്ങളില്‍ പ്രതികള്‍ക്ക് 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.