Sorry, you need to enable JavaScript to visit this website.

റഹീമിന്റെ മോചനത്തിന് കൈതാങ്ങാവാന്‍ പ്രവാസി സമൂഹം

റിയാദ്- കയ്യബദ്ധത്തില്‍ പെട്ട് സൗദി പൗരന്‍ മരണപ്പെടാനിടയായ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിനായി  ഒറ്റകെട്ടായി രംഗത്തിറങ്ങാന്‍ റിയാദിലെ പ്രവാസി സമൂഹം.  ദിയാ ധനം നല്‍കി മോചിപ്പിക്കാനുള്ള കുടുംബത്തിന്റെയും നാട്ടിലെ സര്‍വകക്ഷിയുടെയും  ശ്രമത്തിന് കരുത്ത് പകരാന്‍ റിയാദിലെ റഹീം നിയമ സഹായ സമിതിയുടെ യോഗത്തില്‍ തീരുമാനമായി.
ബത്ഹയിലെ അപ്പോളോ ഡി പാലസില്‍ ചേര്‍ന്ന ജനകീയ സമിതി യോഗത്തില്‍ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നജാത്തി നിയമ വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. അഷ്‌റഫ് വേങ്ങാട്ട്  കേസിന്റെയും നിയമ നടപടികളുടെയും വിശദാംശങ്ങള്‍ നല്‍കി.എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്,   ലോക കേരള സഭ അംഗങ്ങളായ  കെ പി എം സാദിക്ക് വാഴക്കാട്,  ഇബ്രാഹിം സുബ്ഹാന്‍ എന്നിവരും സമിതി അംഗങ്ങളായ  സിദ്ദീഖ് തുവ്വൂര്‍,   നവാസ് വെള്ളിമാട്കുന്ന്,  അര്‍ഷാദ് ഫറോക്ക് , മൊഹിയുദീന്‍,  കുഞ്ഞോയി കോടമ്പുഴ   കൂടാതെ വിവിധ റിയാദിലെ മലയാളി സമൂഹത്തിനിടയില്‍ വിവിധ തലങ്ങളില്‍ പെട്ട നേതാക്കളും സംഘടനാ പ്രതിനിധികളും സംസാരിച്ചു.ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍ നന്ദിയും പറഞ്ഞു
ദിയാധനം നല്‍കിയാല്‍  വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം  നല്‍കാമെന്ന് സൗദി പൗരന്റെ കുടുംബം ഇന്ത്യന്‍ എംബസിയെ രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരണത്തിന് റഹീമിന്റെ കുടുംബത്തിന് പിന്തുണ നല്‍കാന്‍  സര്‍വകക്ഷി യോഗം തീരുമാനിച്ചത്.  പതിനഞ്ച് മില്യണ്‍ റിയാലാണ്  (മുപ്പത്തിമൂന്ന് കോടിയിലധികം രൂപ) ദിയാധനമായി നല്‍കേണ്ടത്. നേരത്തെ കേസില്‍ കോടതി വിധിയില്‍ മാത്രം ഉറച്ചുനിന്നിരുന്ന സൗദി കുടുംബം ഇന്ത്യന്‍ എംബസ്സിയുടെയും നാട്ടിലും റിയാദിലും  പ്രവര്‍ത്തിക്കുന്ന റഹീം നിയമസഹായ സമിതിയുടെയും നിരന്തരമായ സമ്മര്‍ദത്തിന്റെ ഫലമായാണ് വന്‍ തുക ആവശ്യപ്പെട്ടാണെങ്കിലും മാപ്പ് നല്‍കാന്‍ മുന്നോട്ട് വന്നത്.  
ആഗോള തലത്തില്‍ തന്നെ മലയാളി സമൂഹത്തെ പങ്കാളികളാക്കി ദിയ തുക സമാഹരിക്കാനുള്ള കുടുംബത്തിന്റെയും നാട്ടിലെ റഹീം നിയമ സഹായ സമിതിയുടെയും  തീരുമാനത്തിന് റിയാദിലെയും മറ്റും പ്രവാസികള്‍ പിന്തുണ നല്‍കും. നാട്ടില്‍ നിയമ സഹായ സമിതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ വിവിധ ബാങ്കുകളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.  റിയാദില്‍ സൗദി കുടുംബത്തിന്റെ പേരില്‍ കോടതിയുടെ അനുമതിയോടെ അക്കൗണ്ട് ഉടന്‍ ആരംഭിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
വിവിധ ഭാഗങ്ങളില്‍ നാട്ടിലെ സമിതിയുടെ കീഴില്‍ പ്രത്യേക  കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും.നാട്ടില്‍ റഹീം നിയമ സഹായ സമിതിയുടെ പേരില്‍ ഫണ്ട് സമാഹരണത്തിനായി പബ്ലിക്  ട്രസ്റ്റ്  രൂപീകരിച്ചു. സമിതി ഭാരവാഹികളായ കെ സുരേഷ് കുമാര്‍, കെ കെ ആലിക്കുട്ടി, എം ഗിരീഷ്, ശമീം മുക്കം എന്നിവരാണ് ട്രസ്റ്റികള്‍. 
പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മണ്ഡലം എം എല്‍ എ കൂടിയായ  മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുഖ്യ രക്ഷാധികാരികളായിട്ടുള്ള നാട്ടിലെ ജനകീയ സമിതിയില്‍ എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുല്‍ സമദ് സമദാനി, എളമരം കരീം, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ പി.കെ. കുഞ്ഞാലികുട്ടി, ഡോ. എം.കെ. മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, എം.സി. മായിന്‍ ഹാജി, ഉമര്‍ പാണ്ടികശാല, വി.കെ.സി. മമ്മദ് കോയ, ബുഷ്‌റ റഫീഖ്, അഡ്വ. പി.എം. നിയാസ്, ശശി നാരങ്ങായില്‍, ഹുസൈന്‍ മടവൂര്‍, പി.സി. അഹമ്മദ്കുട്ടി ഹാജി, അഷ്‌റഫ് വേങ്ങാട്ട്  എന്നിവര്‍ രക്ഷാധികാരികളാണ്. കെ. സുരേഷ് ചെയര്‍മാനും കെ.കെ. ആലിക്കുട്ടി ജനറല്‍ കണ്‍വീനറും എം. ഗിരീഷ് ട്രഷററുമാണ്.

Tags

Latest News