Sorry, you need to enable JavaScript to visit this website.

നസീര്‍ ഹൂസൈന്റെ വിജയാഘോഷത്തിനിടെ  'പാക്കിസ്ഥാന്‍ സിന്ദാബാദ്' വിളിച്ചുവെന്ന് ബി.ജെ.പി 

ബെംഗളൂരു- പൊതു തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തീവ്ര വര്‍ഗീയ പ്രചാരണവുമായി ബി.ജെ.പി.  കര്‍ണാടകയില്‍ ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ നേടിയിരുന്നു. ക്രോസ് വോട്ടിങ് നടന്നതിനെ തുടര്‍ന്ന് രണ്ട് സീറ്റ് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് ഒരു സീറ്റ് മത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ അജയ് മാക്കന്‍, ജിസി ചന്ദ്രശേഖര്‍, സയ്യിദ് നസീര്‍ ഹുസൈന്‍ എന്നിവരും ബിജെപിയില്‍ നിന്ന് നാരായന്‍ കെ ഭണ്ഡാഗെയും ആണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് സയ്യിദ് നസീര്‍ ഹുസൈന്റെ വിജയത്തെ തുടര്‍ന്നുള്ള ആഘോഷവും മുദ്രാവാക്യം വിളിയും. നസീര്‍ ഹുസൈനെ അനുകൂലിക്കുന്നര്‍ ആഘോഷങ്ങള്‍ക്കിടെ 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന വിവാദ മുദ്രാവാക്യം വിളിച്ചെന്ന ആരോപണമുയര്‍ന്നു. ഇതുസംബന്ധിച്ച വീഡിയോ ആണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. വിവാദ വീഡിയോ പോലീസ് പരിശോധിച്ചു വരികയാണ്. കന്നഡ മാധ്യമങ്ങളും ബി.ജെ.പി പ്രചാരമത്തിന് കൂട്ടിനുണ്ട്. 
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നസീര്‍ ഹുസൈന്റെ വിജയത്തില്‍ ആഹ്ലാദിക്കാന്‍ നാണമില്ലാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കര്‍ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി, വിവാദ വീഡിയോ പങ്കുവെച്ച് എക്സില്‍ ബിജെപി നേതാവും കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായ ആര്‍ അശോക പറഞ്ഞു. ഡികെ ശിവകുമാറിന്റെയും കോണ്‍ഗ്രസിന്റെയും അപകടകരമായ പ്രീണന രാഷ്ട്രീയമാണ് ഈ വീഴ്ചയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടെടുപ്പില്‍ രണ്ട് ബി ജെ പി എം എല്‍ എമാര്‍ കോണ്‍ഗ്രസിന് അനുകൂലമായി മറുകണ്ടം ചാടിയതാണ് ബി ജെ പി  ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയായത്. യശ്വന്ത് പുര എം എല്‍ എ എസ് ടി സോമശേഖര്‍ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തു. യെല്ലാപൂര്‍ എം എല്‍ എ ശിവറാം ഹെബ്ബാര്‍ വോട്ടെടുപ്പിനെത്തിയതുമില്ല. വിപ്പ് ലംഘനത്തിന് ഈ രണ്ട് എം എല്‍ എ മാര്‍ക്കുമെതിരെ നടപടി എടുക്കാനൊരുങ്ങുകയാണ് ബി ജെ പി. 45 വോട്ടുകളാണ് ഓരോ സ്ഥാനാര്‍ഥിക്കും വിജയിക്കാന്‍ വേണ്ടിയിരുന്നത്.
കുതന്ത്രങ്ങള്‍ക്ക് മേല്‍ ജനാധിപത്യത്തിന്റെ വിജയമെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രതികരണം. വോട്ടുനില ഇങ്ങനെ: അജയ് മാക്കനും സയ്യിദ് നസീര്‍ ഹുസൈനും 47 വോട്ട് വീതം ലഭിച്ചു. ജി സി ചന്ദ്രശേഖറിന് ലഭിച്ചത് 45 വോട്ടാണ്. ബി ജെ പിയുടെ നാരായണ്‍ ഭണ്ഡാഗെയ്ക്കും ലഭിച്ചത് 47 വോട്ട്. എന്നാല്‍ കുപേന്ദ്ര റെഡ്ഡിക്ക് 36 വോട്ട് മാത്രമേ കിട്ടിയുള്ളൂ.

Latest News