ലക്ഷങ്ങളുടെ തട്ടിപ്പ്; ഒളിവില്‍ കഴിഞ്ഞിരുന്ന  കോണ്‍ഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റില്‍

കൊച്ചി- 80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് പ്രതിയായ കോണ്‍ഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റില്‍. ചേരാനല്ലൂര്‍ പോലീസ് ആണ് രമ്യയെ പിടികൂടിയത്. കുമ്പളം ടോള്‍ പ്ലാസയില്‍ വച്ച് രമ്യ ഷിയാസിനെ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. 12 പേരില്‍ നിന്നും 80 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. 24 ആണ് രമ്യ ഷിയാസിന്റെ തട്ടിപ്പുകള്‍ ആദ്യം പുറത്തുകൊണ്ടുവന്നത്.
രമ്യ ഷിയാസിന്റെ അറസ്റ്റ് വൈകുന്നതില്‍ കഴിഞ്ഞ മാസം പരാതിക്കാര്‍ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയ ബന്ധമാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപിച്ച് പരാതിക്കാര്‍ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.
10 ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് തട്ടിയത്. 40ഓളം പേരാണ് പ്രതിഷേധം നടത്തുന്നത്. 85 ലക്ഷം രൂപയാണ് രമ്യ തട്ടിയെടുത്തത്. ഡിസിപി, എസിപി, കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. നിരന്തരം തട്ടിപ്പുകാരിയാണ് രമ്യ ഷിയാസ്. മുഖ്യമന്ത്രിയുടെ കാറിന് മുന്നില്‍ നിന്നും ഫോട്ടോയെടുത്ത് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.

Latest News