ദമാം- ഇനി ഒരു തിരഞ്ഞെടുപ്പ് ഉണ്ടാവുമോ എന്ന് നമ്മുക്ക് ഉറപ്പിച്ച് പറയാൻ ആവാത്തവിധം ഫാസിസ്റ്റുകൾ അവരുടെ അജണ്ടകൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സമയത്താണ് 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് കടന്ന് വരുന്നത് എന്നും കോൺഗ്രസ്സ് രാജ്യത്ത് നടപ്പാക്കിയ ജനാതിപത്യവും മതേതരത്വവും അതേ പോലെ നിലനിന്ന് കാണണമെങ്കിൽ എല്ലാ ഭിന്നിപ്പുകളും മാറ്റിവെച്ച് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കരങ്ങൾക്ക് ശക്തി പകരുകയാണ് ഇന്ന് ഓരോ ജനാധിപത്യ വിശ്വാസികളുടെയും കടമയെന്ന് മലപ്പുറം ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷൻ വി. എസ്. ജോയ് പറഞ്ഞു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ദമാം ബദർ അൽ റാബി ഹാളിൽ സംഘടിപ്പിച്ച മതേതരത്വ ജാഗ്രതാ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു വി.എസ്. ജോയ്. കോൺഗ്രസ് നാടിന് നൽകിയ നന്മകൾ ഓരോന്നായി തകർക്കുന്നവരെ ശക്തമായി ചെറുക്കേണ്ടത് കോൺഗ്രസ്സിന്റെ മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തമാണ്.
ഇന്ത്യക്ക് ലിഖിത ഭരണ ഘടന നൽകി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാജ്യമായി കെട്ടിപ്പടുത്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്,
1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടികൊടുത്ത കോൺഗ്രസിനാണ് ബ്രിട്ടീഷുകാർ രാജ്യത്തിന്റെ ഭരണം കൈമാറിയത്. അന്ന് കോൺഗ്രസ് നരേന്ദ്രമോഡിയെ പോലെ ചിന്തിച്ചിരുന്നുവെങ്കിൽ കോൺഗ്രസ്സ് മുക്ത ഭാരതമല്ല കോൺഗ്രസ്സ് മാത്രമുള്ള ഭാരതമാക്കി മാറ്റമായിരുന്നു. പക്ഷേ അതിന് മുതിരാതെ എല്ലാവരെയും ഒരുമിച്ച കൊണ്ട് പോകണം എന്ന് ചിന്തിച്ചത് കൊണ്ടാണ് ഗാന്ധി ഘാതകരായ ആർ. എസ്.എസിന്റെ പോലും നിരോധനം നീക്കി ബ.ജെ.പിക്കും മൽസരിക്കാനുള്ള അവകാശം അന്ന് നൽകിയത്.
കോൺഗ്രസ് പരാജയപ്പെട്ടപ്പോളൊക്കെയും രാജ്യം പരാജയപ്പെട്ടിട്ടുണ്ട്. അത് സാമ്പത്തികമായ പ്രതിസന്ധിയാവാം, വർഗ്ഗീയ സംഘർഷങ്ങൾ ആവാം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകരുന്ന സാഹചര്യമാവാം. അപ്പോഴെല്ലാം ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസ്സിനെ തിരികെ വിളിച്ചിട്ടുണ്ട്. ഈ രാജ്യത്തിന് മതേതരത്വ ആശയം സമ്മാനിച്ചത്, അത് സംരക്ഷിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. അതുകൊണ്ടാണ് ഈ രാജ്യം ഇങ്ങനെ തകരാതെ നിൽക്കുന്നത്. രാജ്യം പ്രതിസന്ധിയിലാകുമ്പോൾ എന്നും ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസിലാണ് ആശ്രയം കണ്ടിട്ടുള്ളത് എന്നത് ചരിത്രമാണ്.
ഇന്ദിരാഗാന്ധി അധികാരത്തിൽ നിന്നും പുറത്തായി രാജ്യം പ്രതിസന്ധി നേരിട്ടപ്പോൾ ജനങ്ങൾ ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസിനെ തിരികെ അധികാരത്തിൽ കൊണ്ടുവന്ന ചരിത്രമാണുള്ളത്. ഇന്ന് ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളികളെ നേരിടുന്ന സമയത്ത് രാഹുലിനെ വിളിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ജനങ്ങളിൽ നിന്നും ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്.
മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ പിന്നിൽനിന്ന് കുത്തിയവരായ ബി.ജെ.പി. ഇന്ത്യയുടെ പൈതൃകങ്ങളും, ധീക്ഷണാശാലികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കൾ ഉണ്ടാക്കിയെടുത്ത പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലച്ചുകൊണ്ട് മനുഷ്യരുടെ സൈ്വര്യ ജീവിതം താറുമാറാക്കി കേന്ദ്രം ഭരിക്കുമ്പോൾ, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത, ഓഗസ്റ്റ് പതിനഞ്ചിനെ ആപത്ത് പതിനഞ്ച് എന്ന് വിളിച്ച് അപഹസിച്ച, ത്രിവർണ്ണപതാകക്ക് പകരം കരിംകൊടി ഉയർത്തിയ, ക്വിറ്റ്ഇന്ത്യ സമരത്തെ പരിഹസിച്ച കമ്യൂണിസ്റ്റ് പാർട്ടി അഴിമതിയിൽ മുക്കികൊണ്ട് കേരളവും ഭരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ രണ്ട് ഗവൺമെന്റുകൾക്കും എതിരെയുള്ള വിധിയെഴുത്തായിരിക്കണം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് എന്നും ജോയ് പറഞ്ഞു.
ലോകത്ത് പിറന്നു വീണ എല്ലാ മതങ്ങളും, ജാതികളും, സംസ്‌ക്കാരങ്ങളും കൈനീട്ടി സ്വീകരിച്ച ഇന്ത്യൻ പാരമ്പര്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്വീകരിച്ചത്. അത് കൊണ്ടാണ് ഇന്ത്യാരാജ്യം ജീവിക്കുന്ന ഒരു ജൈവ മ്യൂസിയമായി നിലനിൽക്കുന്നത്. എഴ് മുഖ്യ മതങ്ങളും ആറായിരത്തി ഇരുന്നൂറിൽ അധികം ജാതികൾ, ആറുമുഖ്യ വംശങ്ങൾ, അൻപത്തിരണ്ട് വർഗങ്ങൾ, പതിനെട്ട് പ്രധാന ഭാഷകളും പാതിനാറായിരം ഉപഭാഷകളുമുള്ളതാണ് ഈ ഇന്ത്യ. താടിവെച്ചവരും വെക്കാത്തവരും, തലപ്പാവ് ധരിച്ചവരും അല്ലാത്തവരും, മതമുള്ളവരും ഇല്ലാത്തവരും അങ്ങനെ വൈജാത്യത്തിന്റെ മറ്റൊരു ഉദാഹരണവും മുന്നിൽ വെക്കാൻ ഇല്ലാത്ത മഹത്തായ സംസ്‌കൃതിയാണ് ഇന്ത്യ. ഓരോ ഇന്ത്യക്കാരനും അവന്റെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളും, ഇച്ഛയും, ഇഷ്ടവും അനുസരിച്ച് ജീവിക്കാൻ നിയമം നിർമ്മിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
ഇന്ത്യയിൽ ഒരുപാട് പാർട്ടികളുണ്ട്. അതെല്ലാം പല വിഭാഗങ്ങളുടെ പാർട്ടിയാണ്, പലതരം ജാതിയുടെതും, വിവിധങ്ങളായ മതത്തിന്റേതും, വിവിധവർഗ്ഗങ്ങളുടേതുമാണ്. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എല്ലാവരുടെയുമാണ്. കാശ്മീർ മുതൽ കന്യാകുമാരിവരെ, കത്തിയവാർ മുതൽ കാമരൂപംവരെ, നാഗാലാൻഡ് മുതൽ നാഗർകോവിൽവരെ, അസ്സാം മുതൽ ആൻഡമാൻവരെ ലഡാക്ക് മുതൽ ലക്ഷദീപ് വരെ വ്യാപിച്ചുകിടക്കുന്ന എല്ലാവർക്കും എല്ലാവരുടേതും എന്ന് അവകാശപ്പെടാനുള്ള ഏക പാർട്ടി കോൺഗ്രസ്സ് മാത്രമാണ്.
ഈ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെല്ലാം കോൺഗ്രസിന്റെ നേതാക്കളാണ്. മറ്റൊരു പാർട്ടിയുടെ നേതാവും ഈ രാജ്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ല, നമ്മുടെ രാജ്യം ഭീതിദായകമായ അവസ്ഥയിലൂടെയാണ് പോയി കൊണ്ടിരിക്കുന്നത്, ആദിവാസികളെ, ന്യൂനപക്ഷങ്ങളെ പുഴുക്കളെ പോലെ ചവിട്ടിയരക്കുന്ന കാഴ്ചകളാണ് കാണുന്നത്. കശ്മീർമുതൽ കന്യാകുമാരിവരെ ഉയരുന്ന നിലവിളികൾക്കിടയിലാണ് ഒരു ഇലക്ഷൻ വരുന്നത്. ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിധിയെഴുത്താണ് എന്ന് തിരിച്ചറിഞു കൊണ്ട് ഓരോ ഇന്ത്യക്കാരനും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു. പ്രവാസലോകത്തുള്ളവരും തങ്ങളുടെ കടമ തങ്ങളാൽ കഴിയും വിധം ശക്തമായി നിറവേറ്റേണ്ടതുണ്ട് എന്നും വി എസ് ജോയ് ഉണർത്തി. ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി പ്രവാസലോകത്തും നാട്ടിലും ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും പ്രശംസിച്ച ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷൻ ഒ.ഐ.സി.സി പ്രവർത്തകരെ കൂടി നാട്ടിലെ കോൺഗ്രസ്സ് കമ്മിറ്റികളിൽ ഉൾപ്പെടുത്തുന്ന കാര്യം സജീവമായ പരിഗണനയിൽ ഉണ്ടെന്നും പറഞ്ഞു.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗഫൂർ വണ്ടൂർ അദ്ധ്യക്ഷത വഹിച്ച മതേതരത്വ ജാഗ്രതാ സംഗമം ദമ്മാം റീജണൽ കമ്മിറ്റി പ്രസിഡണ്ട് ഇ.കെ. സലീം ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലാ ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ മതേതരത്വ ഭാരതം കോൺഗ്രസ്സ് വഴികളിലൂടെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുക എന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ ഹിന്ദു മഹാസഭ എന്ന ആർ.എസ്.എസിന്റെ ലക്ഷ്യമായിരുന്നു. അതിന് വിലങ്ങുതടിയായി നിന്നവരെ നിർമാർജ്ജനം ചെയ്യുക എന്നുള്ളത് ഗാന്ധി വധത്തിൽ നിന്ന് തന്നെ അവർ തുടക്കം കുറിക്കുകയും ചെയ്തു. അന്ന് ആർ.എസ്.എസിനെ നിരോധിക്കുമ്പോൾ അവർ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനോട് നടത്തിയ വെല്ലുവിളിയുണ്ട്. നിങ്ങൾ ഇപ്പോൾ നിരോധിച്ച ഈ സംഘടന ഒരു രാഷ്ട്രീയ പാർട്ടിയായി തിരിച്ച് വരും. ഇന്ന് നിങ്ങളിരിക്കുന്ന പ്രധാനമന്ത്രി കസേരയിൽ ഞങ്ങളിരിക്കും. ഈ രാജ്യം ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റും. ആ വെല്ലുവിളി നടപ്പാക്കി കൊണ്ട് പണ്ഡിറ്റ്ജി ഇരുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിൽ ഗാന്ധിയുടെ വിരിമാറിലേക്ക് വെടിയുണ്ടയുതിർത്ത ഗോഡസെയുടെ അനുയായിയാണ് ഇന്ന് ഇരിക്കുന്നത്. രാജ്യത്തിന്റ രാഷ്ട്രപതി കസേരയിലും ഉപരാഷ്ട്രപതി കസേരയിലും രാജ്യത്തിന്റെ 12 മുഖ്യമന്ത്രി കസേരകളിലും ഇന്ന് ഗോഡ്‌സെയുടെ അനുയായികളാണ്. മറ്റ് ഗവർണ്ണർ സ്ഥാനങ്ങളിലും ഭരണഘടനാ സ്ഥാനങ്ങളിലും ഇന്ന് ഗാന്ധിഘാതകന്റെ അനുയായികളാണ്. ഇന്ത്യയെ അവർ വെല്ലുവിളിച്ച രീതിയിലുള്ള ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള അവസാന ശ്രമങ്ങൾ അവർ തുടങ്ങി കഴിഞ്ഞു. അതിനെ എങ്ങിനെയൊക്കെ ചെറുക്കാമോ അങ്ങിനെയെല്ലാം ചെറുക്കേണ്ടത് ഓരോ ജനാധിപത്യ മതേതര വിശ്വാസികളുടെയും കടമയാണെന്നും ഹാരിസ്ബാബു ചാലിയാർ പറഞ്ഞു.പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം പാർട്ടി പതാക ജില്ലാ പ്രസിഡന്റ് ഗഫൂർ വണ്ടൂരിനും ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരിക്കും നൽകി കൊണ്ട് ഡി.സി.സി പ്രസിഡന്റ് വി. എസ് ജോയ് നിർവഹിച്ചു.
ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമല, സി. അബ്ദുൽ ഹമീദ്, കെ.പി.സി.സി ന്യൂനപക്ഷ സെല്ലിന്റെ മലപ്പുറം ജില്ലാ വൈസ് ചെയർമാൻ സക്കീർ ഹുസ്സൈൻ കണ്ണേത്ത്, റഫീക്ക് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, കരീം പരുത്തികുന്നൻ, ഷിജിലാ ഹമീദ് എന്നിവർ സംസാരിച്ചു. സംഘടനാ ചുമതലയുള്ള മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ജില്ലാ ട്രഷറർ ഷൌക്കത്ത് വെള്ളില നന്ദിയും പറഞ്ഞു. അബ്ദുൽ സലാം അവതാരകനായിരുന്നു. ജില്ലാ കമ്മിറ്റി നേതാക്കളായ അബ്ബാസ് തറയിൽ, അഷ്‌റഫ് കൊണ്ടോട്ടി, ഷാഹിദ് കൊടിയേങ്ങൽ, സിദ്ധീക്ക്, നഫീർ, ആസിഫ് താനൂർ, അൻവർ വണ്ടൂർ, നാദിർ, നിജാസ്, അബ്ദുള്ള തൊടിക, ഇക്ബാൽ മങ്കട, മുസ്തഫ ചേലക്കോടൻ, ഹാരിസ്, മുസ്തഫ സി. തുടങ്ങിയവർ നേതൃത്വം നൽകിയ സമ്മേളനത്തിൽ വിവിധ ഏരിയ ജില്ലാ പ്രസിഡന്റുമാരും നേതാക്കളും പങ്കെടുത്തു. പ്രവിശ്യയിലെ പ്രമുഖ കലാപ്രതിഭകൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ഗാനങ്ങളും പരിപാടിക്ക് വർണ്ണപ്പകിട്ട് നൽകി.