Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയ്ക്കു വെട്ടിക്കുറക്കാന്‍ കഴിയില്ല; യുഎസിനോട് എന്തു പറയും?

ന്യൂദല്‍ഹി- ഇറാനെതിരെ യുഎസ് ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറക്കണമെന്ന യുഎസ് മുന്നറിയിപ്പ് ഇന്ത്യ അംഗീകരിച്ചേക്കില്ല. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ യുഎസിനെ അറിയിക്കുമെന്നാണ് റിപോര്‍ട്ട്. ഇന്ത്യ-യുഎസ് പ്രഥമ ടു പ്ലസ് ടു ചര്‍ച്ചയുടെ ഭാഗമായി ഇരു രാജ്യങ്ങളുടേയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ച ദല്‍ഹിയില്‍ നടക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധം, മേഖലയിലേയും ആഗോള തലത്തിലുമുള്ള വിവിധ വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചയാകും. രാജ്യത്തിന്റെ വിദേശ നയം എന്തായിരിക്കണമെന്ന് മറ്റൊരു രാജ്യത്തിനും ആജ്ഞാപിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ യുഎസിനെ അറിയിക്കും. ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് ഇന്ത്യയോട് ഇറാനുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇന്ത്യയിലെ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറക്കുന്നത് വലിയ തിരിച്ചടിയാകും. എണ്ണയ്ക്കായി ഇന്ത്യ കാര്യമായി ആശ്രയിക്കുന്നത് വിദേശ രാജ്യങ്ങളേയാണ്. ഇക്കൂട്ടത്തില്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന രാജ്യമാണ് ഇറാന്‍. ഇന്ത്യയില്‍ ഇപ്പോള്‍ എണ്ണ വില കുതിച്ചുയരുകയും പണപ്പെരുപ്പം കൂടുകയും സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എണ്ണ വേണ്ടെന്നു വെയ്ക്കില്ലെന്നാണ് വിപണി നീരക്ഷകര്‍ പറയുന്നത്. ഇത് ആഭ്യന്തര വിപണിയില്‍ സമ്മര്‍ദ്ദമേറ്റുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 83 ശതമാനവും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.

ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വിലയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇറാനു പകരം ബദല്‍ സ്രോതസ്സുകള്‍ പരിഗണിക്കുമ്പോള്‍ വിലയും ചര്‍ച്ചയാകും. സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പ നിരക്ക് തുടങ്ങിയ വിവധ ഘടകങ്ങള്‍ ഇറക്കുമതി വിലയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ വിലയില്‍ ഇന്ത്യ കാര്യമായി ശ്രദ്ധിക്കും. ഇങ്ങനെ വരുമ്പോള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എണ്ണയായിരിക്കും ഇന്ത്യയ്ക്കു പ്രിയമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണൊമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

ഇറാനില്‍ നിന്നുള്ള എണ്ണ വെട്ടിക്കുറച്ചാല്‍ എന്തു സംഭവിക്കും? 

നവംബറില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറക്കുന്നുണ്ടെങ്കില്‍ അത് യുഎസ് ഉപരോധം കൊണ്ടായിരിക്കില്ലെന്നും ടാങ്കറുകളെ ലഭ്യതയടക്കമുള്ള സൗകര്യങ്ങള്‍, ഇന്‍ഷുറന്‍സ്, റീഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ ദൗര്‍ലഭ്യത എന്നിവ കൊണ്ടു മാത്രമായിരിക്കുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. ഇറാന്‍ നിന്നുള്ള ഇക്കുമതിക്ക് പണം കൈമാറുന്നതിന് പുതിയ വഴി ഇന്ത്യയ്ക്കു കണ്ടെത്തേണ്ടതുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇനി ഇറാന്‍ ഇടപാട് നടത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. 

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പത്തിലൊന്ന് ഇറാനില്‍ നിന്നാണ്. ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇത് വെട്ടിക്കുറച്ച് പകരം മറ്റിടങ്ങളില്‍ നിന്നുള്ള എണ്ണ വാങ്ങിയാല്‍ അതിനനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങളും ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ ശാലകളില്‍ നടത്തേണ്ടി വരും. ഇതിനായി കുടുതല്‍ വിഭവങ്ങളും പരിശ്രമങ്ങളും വേണ്ടി വരുമെന്നതിനാല്‍ കാലതാമസവും എടുക്കും. അതു കൊണ്ടു തന്നെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയ്ക്കു ചുരുങ്ങിയ കാലയളവില്‍ വെട്ടിക്കുറക്കാനാവില്ല. 

അതേസമയം യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കാനും ഇന്ത്യയ്ക്കു പദ്ധതിയുണ്ട്. ഇറാനില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തണമെന്ന യുഎസ് ആവശ്യത്തെ തള്ളാന്‍ യുഎസില്‍ നിന്നുള്ള ഇറക്കമതി വര്‍ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളായിരിക്കും ഇന്ത്യ വിശദീകരിക്കുക. ഈ വര്‍ഷം 2.5 ശതകോടി ഡോളറിന്റെ എണ്ണ യുഎസില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യും. ഈ ശ്രമങ്ങളെ യുഎസ് പ്രശംസിച്ചിട്ടുമുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഓഗസ്റ്റ് ആദ്യത്തിലാണ് ഇറാനെതിരായ യുഎസ് ഉപരോധത്തിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിലായത്. രണ്ടാം ഘട്ടം നവംബറില്‍ തുടങ്ങും. ഇതു പ്രധാനമായു എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട ഉപരോധമാണ്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി കാര്യമായി വെട്ടിക്കുറക്കുന്ന രാജ്യങ്ങള്‍ക്ക് യുഎസ് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News