റിയാദ് - ഒരേസമയം രണ്ടു ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ജിസാനിൽ ആക്രമണം നടത്തുന്നതിനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സൗദി സൈന്യം തകർത്തു. ജിസാൻ ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട മിസൈലുകൾ ചൊവ്വാഴ്ച രാത്രി 7.58 ന് ആണ് സൗദി സൈന്യത്തിന്റെ ശ്രദ്ധയിൽ പെട്ടത്. യെമനിലെ സഅ്ദയാണ് മിസൈൽ ആക്രമണത്തിന്റെ ഉറവിടം. ഉടൻ തന്നെ സൗദി സൈന്യം പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് ശത്രുവിന്റെ മിസൈലുകൾ തകർത്തു. തകർന്ന മിസൈൽ ഭാഗങ്ങൾ പതിച്ച് ആർക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.