ന്യൂദല്‍ഹി - മണല്‍ക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്‌നാട്ടിലെ ജില്ലാ കലക്ടര്‍മാര്‍ക്കെതിരായ ഇ.ഡി നടപടിക്ക് സുപ്രീംകോടതി അനുമതി. നടപടി തടഞ്ഞുള്ള മദ്രാസ് ഹൈക്കോടതി വിധി സ്‌റ്റേ ചെയത് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നല്‍കിയത്. ഇ.ഡി സമന്‍സയക്കുമ്പോള്‍ ജില്ലാ കലക്ടര്‍മാര്‍ ഇ.ഡി മുമ്പാകെ ഹാജരാകണമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇ.ഡി സമന്‍സിനെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് നിയമത്തെക്കുറിച്ചുള്ള തെറ്റായ ധാരണയിലാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥര്‍മാരെ വിളിച്ചുവരുത്താനും ചോദ്യം ചെയ്യാനും ഇ.ഡിക്ക് അധികാരമുണ്ട്. എന്തുകൊണ്ടാണ് കലക്ടര്‍മാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചതെന്നും കോടതി ചോദിച്ചു. അതേസമയം, ഖനനവുമായി ബന്ധപ്പെട്ട വിഷയം കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരില്ലെന്ന് തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടികാണിച്ചെങ്കിലും ഇക്കാര്യം ബെഞ്ച് അംഗീകരിച്ചില്ല.






