പുല്‍പള്ളിയിലും മുള്ളന്‍കൊല്ലിയിലും വീണ്ടും കടുവ സാന്നിധ്യം

പുല്‍പള്ളി- വയനാട്ടിലെ പുല്‍പള്ളിക്കടുത്ത് വടാനക്കവലയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ തിങ്കളാഴ്ച രാവിലെ ആണ്‍ കടുവ കുടുങ്ങിയതിനു പിന്നാലെ പുല്‍പള്ളിയിലും മുള്ളന്‍കൊല്ലിയിലും കടുവ സാന്നിധ്യം. തിങ്കളാഴ്ച രാത്രി പുല്‍പള്ളി ടൗണിലെ ബിവ്റേജസ് ഔട്ട്ലെറ്റിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിനു സമീപം തോട്ടത്തിലും തിങ്കളാഴ്ച രാവിലെ പത്തരയോടെ മുള്ളന്‍കൊല്ലിയില്‍ ടൗണ്‍ പരിസരത്ത് തട്ടാംപറമ്പില്‍ കുര്യന്റെ കൃഷിയിടത്തിലുമാണ് കടുവയെ കണ്ടത്.

പുല്‍പള്ളിയില്‍ ബിവ്റേജസ് ഔട്ട്ലെറ്റ് ജീവനക്കാരി ദീപ ഷാജി വാഹനം എടുക്കുന്നതിന് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തി കാറില്‍ കയറി ലൈറ്റ് ഇട്ടപ്പോഴാണ് അടുത്തുള്ള തോട്ടത്തില്‍ കടുവയെ കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കടുവയെ കാണാനായില്ല.

മുള്ളന്‍കൊല്ലിയില്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന തമിഴ്നാട് സ്വദേശിയാണ്
കാട്ടുപന്നികളെ പിന്തുടരുന്ന കടുവയെ കണ്ടത്. വനപാലകര്‍ ഇവിടെ നടത്തിയ പരിശോധനയില്‍ കാട്ടുപന്നികളെ കണ്ടെത്തി. വേനല്‍ ആയതിനാല്‍ കടുവയുടെ കാല്‍പാടുകള്‍ കൃഷിയിടത്തില്‍ പതിഞ്ഞിരുന്നില്ല.

കടുവ ഇറങ്ങിയതറിഞ്ഞ് മുള്ളന്‍കൊല്ലിയില്‍ ആളുകള്‍ സംഘടിച്ചതോടെ പുല്‍പള്ളിയില്‍നിന്നു പോലീസ് എത്തി കുഴപ്പങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കി.

വടാനക്കവലയില്‍ കടുവ കൂട്ടിലായതോടെ പ്രദേശത്തും സമീപത്തുമുള്ളവര്‍ ആശ്വാസത്തിലായിരുന്നു. ഇതിനിടെയാണ് പുല്‍പള്ളിയിലും മുള്ളന്‍കൊല്ലിയിലും കടുവയെ കണ്ടതായി ആളുകള്‍ സാക്ഷ്യപ്പെടുത്തിയത്. രണ്ടിടത്തും കണ്ടത് ഒരേ കടുവയാകാമെന്ന അഭിപ്രായത്തിലാണ് നാട്ടുകാരില്‍ ഒരു വിഭാഗം. കഴിഞ്ഞ ദിവസം തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിക്കു സമീപം കടുവ ആക്രമണത്തില്‍ ആട് ചത്തിരുന്നു.

Latest News