വായ്പ വൈകുന്നു, ബംഗ്ലാദേശിലെ  ചൈനീസ് പദ്ധതികള്‍ മന്ദഗതിയില്‍ 

ധാക്ക-ബംഗ്ലാദേശിലെ വിവിധ ചൈനീസ് പദ്ധതികള്‍ക്ക് വാഗ്ദാനം ചെയ്ത  വായ്പ വൈകുന്നതിനാല്‍ മിക്കവാറും പദ്ധതികളുടെയും നടത്തിപ്പ് മന്ദഗതിയില്‍.  ചൈന ഇതുവരെ ഒമ്പത് പദ്ധതികള്‍ക്കായി 4.47 ബില്യണ്‍ യുഎസ് ഡോളര്‍ വിതരണം ചെയ്തു. നല്‍കേണ്ടിയിരുന്ന ഫണ്ട് 8.08 ബില്യണ്‍ ഡോളറാണ്. ഉഭയകക്ഷി ഉടമ്പടി പ്രകാരം വായ്പകള്‍ പതിവ് തവണകളായി റിലീസ് ചെയ്യേണ്ടതിലെ കാലതാമസം  ബംഗ്ലാദേശിലെ പദ്ധതികള്‍ അവതാളത്തിലാക്കി. കടം തിരിച്ചടയ്ക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ്-ചൈന പവര്‍ കമ്പനിക്ക്  ചൈന എക്സിം ബാങ്ക് ഇവന്റ് ഓഫ് ഡിഫോള്‍ട്ടിന്റെ  (ഇഒഡി)  താല്‍ക്കാലിക അറിയിപ്പ് നല്‍കി. ബംഗ്ലാദേശ്-ചൈന പവര്‍ കമ്പനിയെ ഡിഫോള്‍ട്ടറായി പ്രഖ്യാപിക്കാനുള്ള നീക്കം ബംഗ്ലാദേശിലെ ചൈനീസ് ധനസഹായത്തോടെയുള്ള പദ്ധതികളുടെ പുരോഗതിക്ക് വലിയ തിരിച്ചടിയായി. ബെല്‍റ്റ് റോഡ് ഇനിഷ്യേറ്റീവിന് (ബിആര്‍ഐ) കീഴില്‍ ആസൂത്രണം ചെയ്യുന്ന നിരവധി പദ്ധതികള്‍ക്കുള്ള ചൈനീസ് ഫണ്ടിംഗിനെ ഇത് ബാധിക്കുമെന്ന് ചൈന എക്സിം ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ എം ഖുര്‍ഷുദുല്‍ ആലം മുന്നറിയിപ്പ് നല്‍കി. 
2017-ല്‍ ധാക്ക-അഷൂലിയ എക്സ്പ്രസ്വേ പദ്ധതിക്കായി ചൈന 1.12 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതേവരെ 170 മില്യണ്‍ ഡോളര്‍ മാത്രമാണ് അനുവദിച്ചത്. ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ 12 ശതമാനം പുരോഗതി മാത്രമാണ് പദ്ധതിയില്‍ കൈവരിച്ചത്.  ലോണ്‍ അപ്രൂവല്‍ നടപടികള്‍ മന്ദഗതിയിലായത് ചെലവ് കൂടുന്നതിനും പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിനും കാരണമായി. സമയബന്ധിതമായ വായ്പാ കരാറിന്റെ അഭാവം മൂലം രാജ്ഷാഹി വാസ ഉപരിതല ജല ശുദ്ധീകരണ പ്ലാന്റ് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വൈകി.
ചൈന ധനസഹായം നല്‍കുന്ന പദ്ധതികള്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ ബംഗ്ലാദേശ് ശ്രമിച്ചിരുന്നു.  ചൈനീസ് വായ്പകളുടെ പലിശ നിരക്ക് 10-15 ശതമാനത്തിലേക്ക് ഉയര്‍ത്തിയതിനാല്‍പദ്ധതി ചെലവ് ചുരുക്കേണ്ടി വന്നു. ചൈനീസ് വായ്പകള്‍, ചൈനീസ് കമ്പനികളുടെ ശക്തമായ പങ്കാളിത്തം, ഉയര്‍ന്ന പലിശനിരക്ക് എന്നിവയില്‍ പല ആഗോള വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു.  ഇത് ചൈനയെ ചൊടിപ്പിച്ചു. അതിനാല്‍, പ്രധാനപ്പെട്ട റെയില്‍വേ ലൈനുകളില്‍ നടക്കുന്ന ജോലികള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. ആകെ വിലയിരുത്തിയാല്‍  ബംഗ്ലാദേശിലെ ചൈനീസ് ധനസഹായ പദ്ധതികളുടെ വേഗത വളരെ മന്ദഗതിയിലാണ്. 2016ലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശന വേളയില്‍ നിര്‍ദ്ദേശിച്ച 27 ഓളം പദ്ധതികളില്‍ മൂന്ന് പദ്ധതികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. യഥാസമയം കടം വീട്ടുന്നതില്‍ ബംഗ്ലാദേശ് പരാജയപ്പെട്ടാല്‍ കൂടുതല്‍ ധനസഹായം തടയുമെന്ന് ചൈന എക്സിം ബാങ്ക് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. 

Latest News