Sorry, you need to enable JavaScript to visit this website.

പ്രവാസലോകത്തെ കൗമാരക്കാരുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ ഉണ്ടാവണം -ഡോ. ഫര്‍ഹ നൗഷാദ്

ജിദ്ദ- പ്രവാസലോകത്തെ  കൗമാരക്കാരുടെ  പ്രശ്‌നങ്ങളില്‍  ക്രിയാത്മകമായി  ഇടപെടാന്‍  പ്രവാസി രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്ന്് യുവ മോട്ടിവേഷന്‍  സ്പീക്കറും  ഫാമിലി കൗണ്‍സലറുമായ  ഡോ. ഫര്‍ഹ നൗഷാദ്  അഭിപ്രായപ്പെട്ടു. നാടിന്റെ എല്ലാ നന്മകളിലും  പ്രവാസികളുടെ പങ്ക് വളരെ  വലുതാണ്. നാടിന്റെ പുരോഗതിയില്‍ പ്രവാസികള്‍  നല്‍കുന്ന  സംഭാവനകള്‍  വിസ്മരിക്കാന്‍ സാധിക്കില്ല. എന്നാല്‍ കൗമാരക്കാരുടെ പ്രശ്‌നങ്ങളില്‍ അവരുടെ ഇടപെടലുകള്‍ കൂടുതല്‍ ഉണ്ടാവണം.  തന്റെ  ക്ലിനിക്കില്‍ കൗണ്‍സലിംഗിന്  വരുന്ന  കൗമാരക്കാരില്‍  ഭൂരിഭാഗവും  പ്രവാസികളുടെ മക്കളാണെന്നത്  കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നത്തിന്റെ ഗൗരവം  ബോധ്യപെടുത്തുന്നതാണെന്നും അവര്‍  പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ വനിതാ  വിഭാഗമായ  ഇന്ത്യന്‍ വിമന്‍സ് ഓര്‍ഗനൈസേഷന്‍ (ഐവോ) സംഘടിപ്പിച്ച  ഫാമിലി മീറ്റില്‍ 'സ്‌നേഹ ബന്ധത്തിലെ സമവാക്യങ്ങള്‍' എന്ന വിഷയത്തില്‍  സംസാരിക്കുകയായിരുന്നു അവര്‍.
കുടുംബബന്ധങ്ങള്‍  മനോഹരമാവുമ്പോള്‍ ഭൂമിയില്‍  സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്ത ജീവിതം നയിക്കാന്‍ സാധിക്കുമെന്നും സ്‌നേഹബന്ധങ്ങളെ  അലങ്കാരമാക്കുകയും  അലങ്കോലമാകാതെ  ശ്രദ്ധിക്കുകയും ചെയ്താല്‍ ജീവിതം  സന്തോഷകരമായിത്തീരുമെന്നും അവര്‍ പറഞ്ഞു.  കുടുംബബന്ധങ്ങള്‍  ശിഥിലമാകുമ്പോള്‍ മനുഷ്യമനസുകള്‍  അസ്വസ്ഥമാകും, അസ്വസ്ഥ മനസുകള്‍ ബന്ധങ്ങളില്‍  വിളളലുകള്‍ വീഴ്ത്തുകയും അകല്‍ച്ച  വര്‍ധിപ്പിക്കുകയും ചെയ്യും. കുടുംബം  എന്നത് കൂടുമ്പോള്‍ ഇമ്പമുള്ളതായിരിക്കണം, അകന്നു പോകുമ്പോള്‍  ചേര്‍ത്ത് പിടിക്കാന്‍ സാധിക്കണം, ഇണകള്‍  തമ്മില്‍  പരസ്പരം  വേര്‍പിരിയാന്‍ പറ്റാത്തവിധം ഭംഗിയും  അലങ്കാരവുമായിതീരണം, കുടുംബത്തെ ചേര്‍ത്ത് പിടിച്ച് നന്മയില്‍  മുന്നേറാന്‍ സാധിക്കണം.
ഇന്ന് നമ്മുടെ കൗമാരക്കാരായ  മക്കള്‍  വളര്‍ന്നുവരുന്നത്  അധാര്‍മിക  ചുറ്റുപാടിലാണ്, 'മൈ ബോഡി മൈ ചോയ്‌സ്' എന്ന ചിന്ത  കൗമാരക്കാരില്‍ വളര്‍ന്നു വരുന്നത്  അപകടകരമാണ്. ധാര്‍മിക  മൂല്യങ്ങളുടെ  അപര്യാപ്തതയാണ്  മക്കളെ  ലിബറല്‍  ചിന്തകളിലേക്ക്  നയിക്കുന്നത്. നമ്മുടെ വീടുകള്‍  മക്കള്‍ക്ക് നന്മകള്‍  പകര്‍ന്നു  നല്‍കുന്ന  ഇടമായി  മാറണം.  അതിന് കുടുംബ  ബന്ധങ്ങളില്‍  സമാധാന  അന്തരീക്ഷം  നിലനില്‍ക്കണം. സ്വസ്ഥതയും  സ്‌നേഹവുമുള്ള അന്തരീക്ഷത്തില്‍  മാത്രമേ  മക്കള്‍  അവരുടെ  വിചാര വികാരങ്ങള്‍  പങ്കുവെക്കുകയുള്ളു. തിരക്കുകള്‍ക്കിടയില്‍ മക്കളെ  കേള്‍ക്കാന്‍ മാതാപിതാക്കള്‍  തയ്യാറാവണം. പുതിയ  കാലത്തെ  അവരുടെ  ചോദ്യങ്ങളെ  നേരിടാനുള്ള വിജ്ഞാനം  നാം  നേടിയെടുക്കേണ്ടതുണ്ടെന്നും ഡോ. ഫര്‍ഹ  നൗഷാദ്  പറഞ്ഞു. മക്കള്‍ക്ക് റോള്‍ മോഡലാവാന്‍  മാതാപിതാക്കള്‍ക്ക്  സാധിക്കണം, മക്കളുടെ  നല്ല  സുഹൃത്തുക്കളായി തീരാന്‍  രക്ഷിതാക്കള്‍  ശ്രമിക്കേണ്ടതുണ്ടെന്നും അവര്‍  സൂചിപ്പിച്ചു.
ഡോ. ഫര്‍ഹ  നൗഷാദിനുള്ള  ഐവോയുടെ ഉപഹാരം  പ്രസിഡന്റ് ശമിയത്ത് അന്‍വര്‍  നല്‍കി. ഐവോ സെക്രട്ടറി സംറാ മന്‍സൂര്‍  ഖിറാഅത്ത് നടത്തി. നിഷാത്ത് ഷമീര്‍ സ്വാഗതവും സിറിന്‍ ജമാല്‍  നന്ദിയും പറഞ്ഞു.

Tags

Latest News