ലണ്ടൻ - ഒരുമാസം മുമ്പ് സ്റ്റുഡന്റ് വിസയിൽ യു.കെയിലെത്തിയ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡേവിഡ് സൈമൺ(25) ആണ് മരിച്ചത്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് റോഹാംപ്റ്റണിൽ എം.എസ്.സി ഫിനാൻഷ്യൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരുന്നു. രാജസ്ഥാനിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ് ഡേവിഡ് സൈമൺ. ലണ്ടൻ ചാറിങ് ക്രോസ് എൻ.എച്ച്.എസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചാറിങ് ക്രോസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ രക്താർബുദമാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ഡോക്ടർമാരെ ഉദ്ധരിച്ചുള്ള റിപോർട്ടിൽ പറയുന്നു.