റിയാദ്- ബദ്ധവൈരിയായ മെസ്സിക്കുവേണ്ടി ആർത്തുവിളിച്ച ഫുട്‌ബോൾ പ്രേമികളെ നോക്കി മോശം ആംഗ്യം കാട്ടിയതിന് അന്നസ്ർ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ സൗദി ഫുട്‌ബോൾ ഫെഡറേഷൻ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി അൽശബാബിനെതിരെ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിനിടെയാണ് സംഭവം. ശബാബിന്റെ ഗ്രൗണ്ടിൽ നടന്ന കളിയിൽ അന്നസ്ർ 3-2ന് ജയിച്ചിരുന്നു. റൊണാൾഡോ ഗോളടിക്കുകയും ചെയ്തു.
മത്സരത്തിനിടെ ശബാബ് ആരാധകർ, റൊണാൾഡോയെ നോക്കി മെസ്സി, മെസ്സി എന്ന് വിളിച്ചപ്പോഴാണ് സി.ആർ 7ന് നിയന്ത്രണം വിട്ടത്. കാണികളെ നോക്കി പോർച്ചുഗീസ് താരം മോശം ആംഗ്യം കാണിച്ചു. അത് തൽസമയം ചാനലിലും വന്നതോടെ വിവാദമായി. റൊണാൾഡോയുടെ പെരുമാറ്റത്തിൽ നിരവധി സൗദി ഫുട്‌ബോൾ പ്രേമികൾക്ക് അമർഷമുണ്ട്. വിഷയത്തിൽ സൗദി ഫുട്‌ബോൾ ഫെഡറേഷന്റെ എത്തിക്‌സ് കമ്മിറ്റി കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. 48 മണിക്കൂറിനകം തീരുമാനമുണ്ടാകുമെന്നാണ് അശർഖുൽ ഔസത് പത്രം റിപ്പോർട്ട് ചെയ്തത്. നടപടി എന്താണെന്ന് വ്യക്തമല്ലെങ്കിലും അടുത്ത ഒരു കളിയിലോ ഏതാനും കളികളിലോ താരത്തെ വിലക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ലീഗിൽ ഒന്നാം സ്ഥാനക്കാരായ അൽഹിലാലിനെ പിന്നിലാക്കാൻ കഠിന പരിശ്രമം നടത്തുന്ന അന്നസ്‌റിന്റെ നിർണായക മത്സരങ്ങളിൽ റൊണാൾഡോക്ക് കളിക്കാനാവില്ല. വ്യാഴാഴ്ച അൽഹസമുായാണ് അന്നസ്‌റിന്റെ അടുത്ത മത്സരം.
അതേസമയം തങ്ങളുടെ ക്യാപ്റ്റന് പിന്തുണയുമായി അന്നസ്ർ ക്ലബ് രംഗത്തെത്തിയിട്ടുണ്ട്. റൊണാൾഡോ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അന്നസ്‌റിന്റെ പക്ഷം.