ജിസാന്‍- നാടുകടത്തല്‍ കേന്ദ്രത്തില്‍ അകപ്പെട്ട ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സഹായം നല്‍കി വരികയാണെന്ന് ജിസാന്‍ കെ.എം.സി.സി പ്രസിഡണ്ടും സി.സി.ഡബ്ല്യു.എ അംഗവുമായ ശംസു പൂക്കോട്ടൂര്‍ അറിയിച്ചു. വിവിധ കേസുകളില്‍ അകപ്പെട്ട് കേരളം,തമിഴ്‌നാട്,ആന്ദ്രാപ്രദേശ്,കര്‍ണാടക,പഞ്ചാബ്,ഒറീസ,ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ജിസാന്‍ ജയിലില്‍ നിയമ സഹായം കാത്ത് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇഖാമ കാലാവധി തീര്‍ന്നവരും ഹുറൂബ് ആക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടെന്ന് നാടുകടത്തല്‍ കേന്ദ്രം സന്ദര്‍ശിച്ച ശംസു പൂക്കോട്ടൂര്‍ പറഞ്ഞു. മൂന്ന് പേരുടെ പേപ്പറുകള്‍ ശരിയാക്കി പുറത്തിറക്കിയിട്ടുണ്ട്. ഒരാള്‍ക്ക് നാളെ യാത്ര ചെയ്യാനുള്ള രേഖകള്‍ റെഡിയാക്കി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാസ്‌പോര്‍ട്ട് കൈവശമില്ലാത്ത പത്ത് പേരെ ജിദ്ദ ശുമൈസി ജയിലിലേക്ക് ബുധനാഴ്ച മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ധേഹം പറഞ്ഞു.
പാസ്‌പോര്‍ട്ട് കൈവശമില്ലാത്ത ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ജിദ്ദ കോണ്‍സുലാറ്റുമായി ബന്ധപ്പെട്ട് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ജയില്‍ മേധാവികളുടേയും ജവാസാത്ത് അതികൃതരുടേയും സഹായം ആവശ്യപ്പെട്ടതായും ശംസു പൂക്കോട്ടൂര്‍ പറഞ്ഞു.