ബെയ്‌റൂത്ത്- തെക്കൻ ലെബനോനിൽ ഇസ്രായിലിന്റെ ഡ്രോൺ വെടിവെച്ചിട്ടതായി ഹിസ്ബുല്ല. കിഴക്കൻ ലെബനോനിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനുപിന്നാലെ ഗോലാൻ കുന്നുകളിലെ ഇസ്രായിലി സൈനിക താവളത്തിലേക്ക് 60 റോക്കറ്റുകൾ പായിച്ചതായും ഹിസ്ബുല്ല അവകാശപ്പെട്ടു.
ഇസ്രാലിന്റെ ഹെർമസ് 450 ഡ്രോൺ സർഫസ് ടു എയർ മിസൈൽ ഉപയോഗിച്ച് ഇന്ന് രാവിലെ വെടിവെച്ചിട്ടുവെന്നാണ് ഹിസ്ബുല്ല അറിയിച്ചത്. ഇക്കാര്യത്തിൽ ഇസ്രായിൽനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
എന്നാൽ കിഴക്കൻ ലെബനോനിൽ ബാൽബെക്കിലേക്ക് പിന്നാലെ ഇസ്രായിലി ആക്രമണമുണ്ടായി. ഹിസ്ബുല്ലയുടെ വ്യോമ പ്രതിരോധ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും രണ്ട് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടതായും ഇസ്രായിൽ സൈന്യം അറിയിച്ചു. ഡ്രോൺ വെടിവെച്ചിട്ടതിനുള്ള തിരിച്ചടിയാണ് ബാൽബെക് ആക്രമണമെന്നാണ് സൂചന. ബാൽബെക് പട്ടണത്തിനു സമീപമുള്ള വെയർഹൗസിനുനേരെയായിരുന്നു ആക്രമണം.
ഇതിന് പിന്നാലെയാണ് ഹിസ്ബുല്ലയുടെ തിരിച്ചടി. ഗോലാൻ കുന്നുകളിലെ ഇസ്രായിലി സൈനിക താവളത്തിനുനേരെ റോക്കറ്റ് മഴ പെയ്യിച്ചുവെന്ന് ഹിസ്ബുല്ല പ്രസ്താവനയിൽ അറിയിച്ചു. ബാൽബെക് ആക്രമണത്തിന് തിരിച്ചടിയാണിതെന്നും, 60 റോക്കറ്റുകളാണ് അധിനിവിഷ്ട ഗോലാൻ കുന്നുകളിലേക്ക് പായിച്ചതെന്നും പ്രസ്താവനയിൽ തുടർന്നു.
ഗാസയിലെ ഇസ്രായിൽ ആക്രമണത്തിന് തിരിച്ചടിയായാണ് ഹിസ്ബുല്ല ലെബനോനിൽനിന്ന് ഇസ്രായിലേക്ക് ആക്രമണങ്ങൾ നടത്തുന്നത്. ഒക്ടോബർ ഏഴിനുശേഷമുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളിൽ 10 ഇസ്രായിലി സൈനികരും ആറ് സിവിലിന്മാരും കൊല്ലപ്പെട്ടു. ഇസ്രായിലിന്റെ ആക്രമണത്തിൽ ലെബനോനിൽ 278 പേരാണ് കൊല്ലപ്പെട്ടത്. ഇതിലധികവും സിവിലിയന്മാരാണ്.