Sorry, you need to enable JavaScript to visit this website.

അറബി കാലിഗ്രഫി വസ്ത്രം ധരിച്ചതിന് പാക്കിസ്ഥാനിൽ യുവതിക്ക് നേരെ ആക്രമണം

ലാഹോർ- അറബിക് കാലിഗ്രാഫി കൊണ്ട് അലങ്കരിച്ച വസ്ത്രം ധരിച്ച സ്ത്രീക്ക് നേരെ പാക്കിസ്ഥാനിൽ ആക്രമണം. ഖുർആൻ വാക്യങ്ങളാണെന്ന് തെറ്റിദ്ധരിച്ച് ദൈവനിന്ദ ആരോപിച്ച് ജനക്കൂട്ടം ആക്രമണം അഴിച്ചുവിടുകയായിരുന്നു. പോലീസ് എത്തിയാണ് യുവതിയെ പിന്നീട് രക്ഷിച്ചത്. വസ്ത്രം ധരിച്ചതിന് യുവതി ക്ഷമാപണം നടത്തുകയും ചെയ്തു.  വസ്ത്രത്തിൽ എഴുതിയ ഹൽവ(മനോഹരം)എന്ന വാക്കാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. 

പാകിസ്ഥാൻ പ്രവിശ്യയായ പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിലെ ഒരു റെസ്‌റ്റോറന്റിൽ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഭയന്നുവിറച്ച സ്ത്രീ റസ്‌റ്റോറന്റിന്റെ വിദൂര കോണിൽ ഇരിക്കുന്നതും കൈകൊണ്ട് മുഖം മറച്ചിരിക്കുന്നതും വീഡിയോയിലുണ്ട്. 
യുവതിയെ കഴുത്തറുത്തു കൊല്ലണം എന്ന് ചിലർ വിളിച്ചുപറയുന്നതും വീഡിയോയിൽ കേൾക്കാം. ഷെഹർബാനു എന്ന യുവതിക്ക് നേരെയാണ് അധിക്ഷേപമുണ്ടായത്. യുവതിയെ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയും അവരുടെ വസ്ത്രത്തിലെ വാചകം ഖുർആനിലെ വാക്യങ്ങളല്ല, അറബി കാലിഗ്രാഫിയാണെന്ന് നിരവധി മത പണ്ഡിതന്മാർ സ്ഥിരീകരിച്ചു. സ്ത്രീ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ റെക്കോർഡ് ചെയ്യാൻ പോലീസ് മതപണ്ഡിതരോട് ആവശ്യപ്പെടുകയും ചെയ്തു.

'എനിക്ക് അങ്ങനെയൊരു ഉദ്ദേശമില്ലായിരുന്നു, അത് അബദ്ധത്തിൽ സംഭവിച്ചതാണ്. എന്നിട്ടും സംഭവിച്ച എല്ലാത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു, ഇനിയൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. ഞാൻ ഒരു മുസ്ലീം വിശ്വാസിയാണെന്നും ഒരിക്കലും ദൈവനിന്ദ നടത്തില്ലെന്നും യുവതി പറഞ്ഞു. 

Latest News