നൂറനാട്- കരിങ്ങാലി പുഞ്ചയില്‍ നടത്തിയ പക്ഷി സര്‍വേയില്‍ 72 ജാതിയില്‍പ്പെട്ട പക്ഷികളെ കണ്ടെത്തി. പാലമേല്‍ നൂറനാട് പഞ്ചായത്തുകളിലായി ഫെബ്രുവരി നാലിന് നടത്തിയ പക്ഷി സര്‍വേയിലാണ് ഇത്രയധികം പക്ഷി ജാതികളെ കണ്ടെത്തിയത്.
നീര്‍കാക്കകളെയാണ് ഏറ്റവും കൂടുതലായി കണ്ടത്. മുന്നൂറില്‍പരം പക്ഷികള്‍ ഉണ്ടായിരുന്നു. കരിയാള എന്ന പക്ഷികള്‍ 129 എണ്ണത്തെ കണ്ടെത്തി. ദേശാടന പക്ഷികളായ പുള്ളിക്കാടക്കൊക്ക്, കരിമ്പന്‍ കാടക്കൊക്ക്, കുരുവി മണലൂതി, മഞ്ഞവാലുകുലുക്കി എന്നിവയുടെ വലിയ കൂട്ടത്തെയും സര്‍വ്വെയില്‍ രേഖപ്പെടുത്തി.
പെരുമുണ്ടി, ഇടമുണ്ടി, ചിന്ന മുണ്ടി, കാലിമുണ്ടി എന്നീ നാലുജാതി മുണ്ടികളെയും കണ്ടെത്തുകയുണ്ടായി. വെള്ളക്കറുപ്പന്‍ പരുന്ത്, പാതിരക്കൊക്ക്, ചേരക്കോഴികളുടെ ഒരു സംഘം, മഞ്ഞവാലുകുലുക്കി, ചേരാ കൊക്കന്‍, താമരക്കോഴി, നീലക്കോഴി, പുള്ളി പൊന്മാന്‍, കാക്ക പൊന്മാന്‍, പൊന്മാന്‍, ചെറിയ പൊന്മാന്‍ തുടങ്ങിയ പക്ഷികളുമുണ്ടായിരുന്നു.
ഒരു ദിവസം നടത്തിയ കണക്കെടുപ്പില്‍ 1670 പക്ഷികളെയാണ് കണ്ടെത്തിയത്. തുടര്‍ പഠനം ജൂണ്‍ മാസത്തില്‍ നടത്തും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പക്ഷി സര്‍വ്വെ ഫലം 2025 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കും.
പക്ഷി ഗ്രാമമെന്ന പേരില്‍ പ്രസിദ്ധമായ നൂറനാട്ട് പക്ഷി സര്‍വ്വെ നടത്തുന്നത് ഇതാദ്യമാണ്. 1987ല്‍ പക്ഷികൂടുകളുടെ സര്‍വ്വെ നടത്തിയിരുന്നു. 2500 കൂടുകളാണ് നീര്‍പക്ഷികളുടേതായി അന്നുണ്ടായിരുന്നത്.
ടെലിഫോട്ടോ ലെന്‍സുകളില്‍ പക്ഷി ചിത്രങ്ങളെടുത്തത് പക്ഷികളെ വ്യക്തമായി തിരിച്ചറിയുന്നതിന് സഹായകരമായി. ഗ്രാമശ്രീ പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പക്ഷി സര്‍വ്വെക്ക് തിരുവനന്തപുരം സ്വദേശിയും പക്ഷിനിരീക്ഷകനുമായ അരുണ്‍ സി. ജി നേതൃത്വം നല്‍കി.
എം. എ. ലത്തീഫ്, ഫൈറോസ് ബീഗം, സുമേഷ് വെള്ളറട, ദേവപ്രിയ ഗൗരി മുരുക്കുംപുഴ, അഞ്ചു കുമാരപുരം എന്നിവര്‍ പങ്കെടുത്തു.
ഗ്രാമശ്രീ പ്രസിഡന്റ് സി. റഹിം, ജെ. ഹാഷിം, യമുന ഹരീഷ്, ഹരീഷ്, നൂറനാട് അജയന്‍, രേഖ എസ്. താങ്കള്‍, അമല്‍ റഹിം എന്നിവര്‍ പങ്കെടുത്തു.